India

ബിഹാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് മരണം

ബിഹാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് മരണം
X

പട്‌ന: ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. ജെഹനാബാദ് ജില്ലയിലെ ബരാവറില്‍ ബാബാ സിദ്ധേശ്വര്‍നാഥ് ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം. 50-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എല്ലാവര്‍ഷവും ശ്രാവണ മാസത്തില്‍ ക്ഷേത്രത്തില്‍വെച്ച് നടക്കുന്ന പരിപാടിയുടെ ഭാഗമായി വിശ്വാസികള്‍ ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് സംഭവം. പൂ വില്‍ക്കുന്നയാളുമായുള്ള തര്‍ക്കമാണ് ഇത്തരത്തില്‍ തിക്കിനും തിരക്കിനും ഇടയാക്കിയത് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധക്കുറവാണ് ഇത്തരത്തില്‍ ആളുകളുടെ ജീവനെടുത്തതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. ചില എന്‍.സി.സി. വൊളന്റിയര്‍മാര്‍ തിരക്ക് നിയന്ത്രിക്കാന്‍ കൈയില്‍ ഉണ്ടായിരുന്ന വടി വിശ്വാസികള്‍ക്ക് നേരെ പ്രയോഗിച്ചതായും ഇത് കൂടുതല്‍ പ്രതിസന്ധിസൃഷ്ടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്ന് ശ്രദ്ധക്കുറവ് ഉണ്ടായി എന്ന ആരോപണം അധികൃതര്‍ തള്ളി.

തിരക്ക് നിയന്ത്രിക്കാന്‍ എന്‍.സി.സി. വൊളന്റിയര്‍ ലാത്തി ഉപയോഗിച്ചു എന്ന ആരോപണം എസ്.ഡി.ഒ. (സബ് ഡിവിഷണല്‍ ഓഫീസര്‍) വികാസ് കുമാര്‍ തള്ളി. അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇതൊരു അപ്രതീക്ഷിത അപകടമാണെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it