India

മുംബൈയിലെ വ്യാജ വാക്‌സിനേഷന്‍ ക്യാംപ്: ഏഴ് എഫ്‌ഐആര്‍, എട്ടുപേര്‍ അറസ്റ്റില്‍

കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിച്ചതിനാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. മുഖ്യപ്രതിയായ മനീഷ് ത്രിപാഠി ഒളിവിലാണ്. ആദിത്യ കോളജ് ഓഫ് ആര്‍ക്കിടെക്ചറിലെ ആഷിഷ് മിശ്രയെ അറസ്റ്റുചെയ്തിട്ടില്ല. മിശ്രയും മറ്റൊരു പ്രതിയായ രാജേഷ് പാണ്ഡേയും നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജികള്‍ കോടതി തള്ളിയിട്ടുണ്ട്. 12.40 ലക്ഷം രൂപ പ്രതികളില്‍നിന്ന് കണ്ടെടുത്തു.

മുംബൈയിലെ വ്യാജ വാക്‌സിനേഷന്‍ ക്യാംപ്: ഏഴ് എഫ്‌ഐആര്‍, എട്ടുപേര്‍ അറസ്റ്റില്‍
X

മുംബൈ: വിവിധയിടങ്ങളിലായി നടന്ന മുംബൈയിലെ വ്യാജ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപുകളിലായി രണ്ടായിരത്തിലേറെ പേര്‍ കുത്തിവയ്‌പ്പെടുത്ത സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. ഏഴ് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്ത കേസിലാണ് പോലിസ് ഇതുവരെ എട്ടുപേരെ അറസ്റ്റുചെയ്തത്. കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിച്ചതിനാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. മുഖ്യപ്രതിയായ മനീഷ് ത്രിപാഠി ഒളിവിലാണ്. ആദിത്യ കോളജ് ഓഫ് ആര്‍ക്കിടെക്ചറിലെ ആഷിഷ് മിശ്രയെ അറസ്റ്റുചെയ്തിട്ടില്ല. മിശ്രയും മറ്റൊരു പ്രതിയായ രാജേഷ് പാണ്ഡേയും നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജികള്‍ കോടതി തള്ളിയിട്ടുണ്ട്. 12.40 ലക്ഷം രൂപ പ്രതികളില്‍നിന്ന് കണ്ടെടുത്തു.

പ്രധാന പ്രതികളായ മനീഷ് ത്രിപാഠിയുടെയും മഹേന്ദ്ര സിങ്ങിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ജോയിന്റ് പോലിസ് കമ്മീഷണര്‍ (ക്രമസമാധാനം) വിശ്വാസ് നംഗ്രെ പാട്ടീല്‍ പറഞ്ഞു. വ്യാജ വാക്‌സിനേഷന്‍ നടന്നെന്ന പരാതികളിലെ അന്വേഷണം സംബന്ധിച്ച പ്രാഥമിക റിപോര്‍ട്ട് ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ ദീപക് ഠാക്കറെയാണ് വ്യാഴാഴ്ച മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഈ സിന്‍ഡിക്കേറ്റ് എട്ട് ക്യാംപുകള്‍കൂടി സംഘടിപ്പിച്ചിട്ടുണ്ടെന്നും ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ഈ കുറ്റകൃത്യങ്ങളിലെ പ്രതികളില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

'വാക്‌സിന്‍' നല്‍കാന്‍ ഉപയോഗിച്ച കൊവിഷീല്‍ഡ് എന്ന് വിളിക്കപ്പെടുന്ന ബോട്ടിലുകള്‍ ഗുജറാത്തില്‍നിന്നാണ് ലഭിച്ചതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, അവയില്‍ യഥാര്‍ഥത്തില്‍ എന്താണുള്ളതെന്ന് വ്യക്തമല്ല. ഈ കയറ്റുമതിയുടെ ബാച്ച് നമ്പറുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിന് കൊവിഷീല്‍ഡ് നിര്‍മിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ടിന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കത്തെഴുതി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ക്യാംപുകളില്‍ 2,053 പേര്‍ക്കാണ് അനധികൃതമായി വാക്‌സിന്‍ നല്‍കിയതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ താക്കറെ അറിയിച്ചു.

കാന്തിവലിയിലെ ഹിരാനന്ദാനി എസ്‌റ്റേറ്റ് സൊസൈറ്റിയില്‍ 390 പേരും ടിപ്‌സ് ഇന്‍ഡസ്ട്രീസിലെ 365 പേരും പരേലിലെ പൊഡാര്‍ എജ്യുക്കേഷന്‍ സൊസൈറ്റിയിലെ 207 പേരും ബൊറിവ്‌ലിയിലെ 514 പേരും മലാഡ് വെസ്റ്റിലെ 30 പേരും ഇത്തരം ക്യാംപുകളില്‍ വാക്‌സിനെടുത്തിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ പോലിസില്‍ പരാതി നല്‍കിയതായി മുംബൈ നഗരസഭയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അനില്‍ സാഖറെ അറിയിച്ചു. ഗോരേഗാവിലെ നെസ്‌കോ കൊവിഡ് സെന്ററില്‍ ഡേറ്റാ എന്‍ട്രി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡിയ യാദവാണ് സംഭവവുമായി ബന്ധപ്പെട്ട് ഒടുവില്‍ അറസ്റ്റിലായത്. വാക്‌സിനേഷന്‍ വിവരങ്ങള്‍ അനധികൃതമായി കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് ഗുഡിയയുടെ സഹായത്തോടെയാണ്.

ചാര്‍ക്കോപ്പിലെ കെസിഇപി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥിയാണ് 23കാരിയായ ഗുഡിയ. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉടമയായ ഡോ. മനീഷ് ത്രിപാഠിയുടെ ശുപാര്‍ശയിലാണ് ഗുഡിയയ്ക്ക് കൊവിഡ് സെന്ററില്‍ താത്ക്കാലികമായി ജോലിനല്‍കിയതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. മനീഷ് ത്രിപാഠിയാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് പോലിസ് പറയുന്നത്. മെയ് 30, ജൂണ്‍ 3 തിയ്യതികളില്‍ 365 ജീവനക്കാര്‍ക്കായി വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ആര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചില്ലെന്നും ചലച്ചിത്ര നിര്‍മാതാവ് രമേശ് തൗറാനിയും പരാതി ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച അറസ്റ്റിലായ നാലുപേരില്‍ ഒരാളായ മഹേന്ദ്ര സിങ് സൂത്രധാരനാണെന്നും മറ്റൊരാള്‍ സഞ്ജയ് ഗുപ്ത വ്യാജ വാക്‌സിനേഷന്‍ ക്യാംപുകള്‍ സ്ഥാപിക്കാന്‍ സഹായിച്ചതായും മുംബൈ പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it