India

കശ്മീരില്‍ സായുധാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ സായുധാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സായുധര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇഡ്ഗയില്‍ വഴിയോരക്കച്ചവടക്കാരനെയും പുല്‍വാമയില്‍ ഒരു മരപ്പണിക്കാരനെയുമാണ് സായുധര്‍ വധിച്ചത്. ബിഹാര്‍ സ്വദേശിയായ വഴിയോരക്കച്ചവടക്കാരന്‍ അരവിന്ദ് കുമാറാ (30) ണ് ഇഡ്ഗയില്‍ സായുധരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ യുപി സ്വദേശിയായ സഗീര്‍ അഹമ്മദാണ് സായുധരുടെ വെടിയേറ്റ് മരിച്ചത്. ഈദ്ഗാഹ് പാര്‍ക്കിനു സമീപം വെടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു കുമാറെന്ന് പോലിസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അക്രമികളെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ 5ന് ശ്രീനഗറിലെ ലാല്‍ ബസാര്‍ പരിസരത്ത് ബിഹാര്‍ സ്വദേശിയായ മറ്റൊരു വഴിയോരക്കച്ചവടക്കാരനെ സായുധര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട സഗീര്‍ അഹമ്മദ് പ്രാദേശിക തടി മില്ലില്‍ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇഡ്ഗയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് അധ്യാപകരെ സായുധര്‍ കൊലപ്പെടുത്തിയത്. അതിനിടെ, ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ ഉമര്‍ മുഷ്താഖ് ഖാന്‍ഡെ ഉള്‍പ്പെടെ രണ്ട് സായുധരെ പുല്‍വാമയില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. പാംപോറില്‍ നടന്ന ഏറ്റുമുട്ടലില്‍ സായുധരില്‍നിന്ന് ഒട്ടേറെ ആയുധങ്ങളും കണ്ടെത്തി.

ശ്രീനഗറിലെ രണ്ട് പോലിസ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തിലടക്കം ഉമറിന് പങ്കുണ്ടായിരുന്നുവെന്ന് സേന വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചയോടെയാണ് പാംപൊരയിലെ ഡ്രാങ്ബാലില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ആക്രമണം നടത്തിയ സായുധരെ സൈന്യവും ജമ്മു കശ്മീര്‍ പോലിസും സിആര്‍പിഎഫും സംയുക്തമായി നേരിടുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 9 ഏറ്റുമുട്ടലുകളില്‍ 13 സായുധരാണ് കൊല്ലപ്പെട്ടത്. ശ്രീനഗര്‍ നഗരത്തിലെ അഞ്ച് സായുധരില്‍ മൂന്നുപേരെ 24 മണിക്കൂറിനുള്ളില്‍ കൊലപ്പെടുത്തിയതായി കശ്മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it