India

ഇടവേളയ്ക്കുശേഷം അസമില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നു; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കൂറ്റന്‍ ബൈക്ക് റാലി

ഞങ്ങള്‍ സിഎഎ അംഗീകരിക്കില്ല, സര്‍ബാനന്ദ സോനോവാള്‍ മുര്‍ദാബാദ്, നരേന്ദ്രമോദി മുര്‍ദാബാദ്, ബിജെപി മടങ്ങിപ്പോവുക, ജയ് ആയ് അസോം തുടങ്ങി 20 മിനിറ്റോളം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.

ഇടവേളയ്ക്കുശേഷം അസമില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നു; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കൂറ്റന്‍ ബൈക്ക് റാലി
X

ദിസ്പൂര്‍: അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷം അസമില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു. ഓള്‍ അസം iസ്റ്റുഡന്റ്സ് യൂനിയന്റെ (ആസു) നേതൃത്വത്തില്‍ ദിബ്രുഗഡിലെ തെരുവുകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കൂറ്റന്‍ ബൈക്ക് റാലി നടത്തിയതോടെയാണ് അസമില്‍ സിഎഎയ്‌ക്കെതിരായ പ്രക്ഷോഭങ്ങള്‍ മടങ്ങിയെത്തിയത്. പ്രധാന റോഡുകളില്‍ പര്യടനം നടത്തിയശേഷം പ്രവര്‍ത്തകര്‍ മാന്‍കോട്ട റോഡിനടുത്തുള്ള ദിബ്രുഗഡിലെ ലഖി നഗറില്‍ താമസിക്കുന്ന അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ വസതിയിലേക്കും ബൈക്ക് റാലി നടത്തി.

കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ച പശ്ചാത്തലത്തിലാണ് സിഎഎ വിരുദ്ധ പ്രക്ഷോഭപരിപാടികള്‍ മാര്‍ച്ച് ആദ്യത്തില്‍ സംസ്ഥാനത്തുടനീളം നിര്‍ത്തിവച്ചത്. ചൗകിഡിംഗിയില്‍നിന്ന് ആരംഭിച്ച റാലി നഗരത്തിലെ പ്രധാന റോഡുകളിലെ പര്യടനം പൂര്‍ത്തിയാക്കിയശേഷമാണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ മുദ്രാവാക്യം വിളിച്ചു. അപ്രതീക്ഷിത പ്രതിഷേധംകണ്ട് അമ്പരന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് ചുറ്റും സുരക്ഷാവലയം തീര്‍ത്തു. ഞങ്ങള്‍ സിഎഎ അംഗീകരിക്കില്ല, സര്‍ബാനന്ദ സോനോവാള്‍ മുര്‍ദാബാദ്, നരേന്ദ്രമോദി മുര്‍ദാബാദ്, ബിജെപി മടങ്ങിപ്പോവുക, ജയ് ആയ് അസോം തുടങ്ങി 20 മിനിറ്റോളം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.

ഇതിനുശേഷം പ്രവര്‍ത്തകര്‍ ടിങ്‌ഖോങ്ങിലേക്ക് മടങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഞങ്ങളുടെ പ്രതിഷേധം തിരിച്ചെത്തിയെന്ന് ആസു ദിബ്രുഗഡ് ജില്ലാ ജനറല്‍ സെക്രട്ടറി ശങ്കോര്‍ ജ്യോതി ബറുവ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് ആദ്യം ഞങ്ങള്‍ പ്രക്ഷോഭം നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ അത് പുരാരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎഎ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നുമാസം കൂടി ആവശ്യപ്പെട്ടതായി അടുത്തിടെ പുറത്തുവന്ന റിപോര്‍ട്ടുകള്‍ക്കിടയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രക്ഷോഭങ്ങള്‍ പുനരാരംഭിക്കുന്നത്.

പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മാനുവല്‍ അനുസരിച്ച് രാഷ്ട്രപതിയുടെ അനുമതി ലഭിച്ച തിയ്യതി മുതല്‍ 6 മാസത്തിനുള്ളില്‍ നിയമനിര്‍മാണത്തിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കണം. അല്ലെങ്കില്‍ സമയം നീട്ടുന്നതിനായി സബോര്‍ഡിനേറ്റ് നിയമനിര്‍മാണത്തിനുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റിയെ സമീപിക്കണം. സിഎഎയ്ക്ക് ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ആറുമാസ കാലയളവ് ജൂണ്‍ പകുതിയോടെ അവസാനിച്ചു. മൂന്നുമാസം സമയം നീട്ടിനല്‍കുകയാണെങ്കില്‍ ചട്ടം രൂപീകരിക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന് സപ്തംബര്‍ പകുതി വരെ സമയം ലഭിക്കും.

Next Story

RELATED STORIES

Share it