India

വൈഡ് ബോഡി വിമാനങ്ങളുടെ സര്‍വീസിന് വിലക്ക്; സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലുമായി എംപിമാര്‍ കൂടിക്കാഴ്ച നടത്തി

സുരക്ഷാവിദഗ്ധരുടെ നിര്‍ദേശപ്രകാരം താത്ക്കാലികമായി മാത്രമാണ് ഇത്തരമൊരു നടപടിയെന്നും വൈഡ് ബോഡി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പരമാവധി മണ്‍സൂണ്‍ കഴിഞ്ഞാലുടന്‍ അനുമതി നല്‍കുമെന്നും ഇക്കാര്യത്തില്‍ യാതൊരു കാലതാമസവും വരുത്തില്ലെന്നും ഡിജിസിഎ ഉറപ്പ് നല്‍കി.

വൈഡ് ബോഡി വിമാനങ്ങളുടെ സര്‍വീസിന് വിലക്ക്; സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലുമായി എംപിമാര്‍ കൂടിക്കാഴ്ച നടത്തി
X

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തിലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ വൈഡ് ബോഡി വിമാനങ്ങളുടെ സര്‍വീസ് ഔദ്യോഗിക രേഖാമൂലമുള്ള അറിയിപ്പോ, വ്യക്തമായ കാരണങ്ങളോ ഇല്ലാതെ താത്ക്കാലികമായി നിര്‍ത്തലാക്കിയ തികച്ചും വിചിത്രമായ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറുമായി പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നീ എംപിമാര്‍ കൂടിക്കാഴ്ച നടത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഒദ്യോഗികവിശദീകരണങ്ങള്‍ ഒന്നും ലഭിക്കാത്തതിനാലും എയര്‍ലൈന്‍ കമ്പനികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായി മുന്നോട്ടുവന്നിരിക്കുന്നതിനാലും കഴിഞ്ഞയാഴ്ച ചേര്‍ന്ന അഡൈ്വസറി കമ്മിറ്റി ഇതുസംബന്ധമായി പ്രമേയം പാസാക്കിയിരുന്നു.

തുടര്‍നടപടികളുടെ ഭാഗമായാണ് ഡിജിസിഎയെ എംപിമാര്‍ നേരില്‍ കണ്ടത്. എയ്‌റോഡ്രോം ഓപറേറ്റര്‍, എയര്‍ലൈന്‍ അധികൃതര്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗം എന്നിവര്‍ നടത്തിയ കോമ്പാറ്റിബിലിറ്റി സ്റ്റഡി റിപോര്‍ട്ടിന്റെയും തുടര്‍ നടപടിയായി ഡിജിസിഎ തന്നെയും നേരിട്ടുനടത്തിയ കൃത്യമായ പരിശോധനകള്‍ക്കും ശേഷമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വൈഡ് ബോഡി സര്‍വീസുകള്‍ക്ക് അനുയോജ്യമാണെന്ന് ഡിജിസിഎ കണ്ടെത്തിയതും അനുമതി നല്‍കിയതും. വൈഡ് ബോഡി സര്‍വീസുകള്‍ സുഗമമാക്കാന്‍ ഡിജിസിഎ നിര്‍ദേശിച്ച ടാക്‌സി വേ ഫില്ലറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കൂടാതെ ലോകത്തെ പ്രമുഖ വിമാനക്കമ്പനികളായ സൗദിയ, എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്സ് എന്നിവര്‍ പ്രത്യേകം പ്രത്യേകമായി സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കുകയും സര്‍വീസ് നടത്തുന്നതിനായി ഡിജിസിഎയില്‍നിന്ന് അനുമതിപത്രം നേടുകയും ചെയ്തതാണ്. ഇതെല്ലാമാണ് വസ്തുത എന്നിരിക്കെ അപകടത്തെക്കുറിച്ച് പ്രാഥമിക റിപോര്‍ട്ട് പോലും വരാതെ അപകടത്തെ കാരണമാക്കി ഉടനടി വൈഡ് ബോഡി സര്‍വീസ് താത്ക്കാലികമായി നിര്‍ത്തലാക്കിയ നടപടി നീതീകരിക്കാനാവാത്തതാണെന്നും ഔദ്യോഗികമായി രേഖാമൂലമുള്ള അറിയിപ്പോ, വ്യക്തമായ കാരണങ്ങളോ ഇല്ലാതെ സര്‍വീസ് നിര്‍ത്തലാക്കുന്നത് പരമോന്നത റഗുലേറ്ററിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേല്‍പ്പിക്കുന്നതും പൊതുമേഖലയില്‍ മികച്ച രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നതാണെന്നും ഡയറക്ടര്‍ ജനറലിനെ എംപിമാര്‍ ബോധ്യപ്പെടുത്തി.

സുരക്ഷാവിദഗ്ധരുടെ നിര്‍ദേശപ്രകാരം താത്ക്കാലികമായി മാത്രമാണ് ഇത്തരമൊരു നടപടിയെന്നും വൈഡ് ബോഡി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പരമാവധി മണ്‍സൂണ്‍ കഴിഞ്ഞാലുടന്‍ അനുമതി നല്‍കുമെന്നും ഇക്കാര്യത്തില്‍ യാതൊരു കാലതാമസവും വരുത്തില്ലെന്നും ഡിജിസിഎ ഉറപ്പ് നല്‍കി. മണ്‍സൂണ്‍ എന്നത് യുക്തമായ കാരണമല്ലെന്നും നടപടി വേഗത്തിലാക്കണമെന്നും ഡിജിസിഎയോട് ആവശ്യപ്പെട്ടു. അനന്തമായി നീണ്ടുപോവുകയാണെങ്കില്‍ സമരപരിപാടികളിലേക്ക് കടക്കുമെന്നും അറിയിച്ചു.

Next Story

RELATED STORIES

Share it