India

കുട്ടികളെ ഓടിക്കാന്‍ വെടിയുതിര്‍ത്തു; മന്ത്രിപുത്രനെ ഓടിച്ചിട്ട് തല്ലി നാട്ടുകാര്‍ (വീഡിയോ)

കുട്ടികളെ ഓടിക്കാന്‍ വെടിയുതിര്‍ത്തു; മന്ത്രിപുത്രനെ ഓടിച്ചിട്ട് തല്ലി നാട്ടുകാര്‍ (വീഡിയോ)
X

പട്‌ന: തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാന്‍ വെടിയുതിര്‍ത്തെന്നാരോപിച്ച് ബിഹാറിലെ ടൂറിസം മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികള്‍ മര്‍ദ്ദിച്ചു. ബിജെപി നേതാവും മന്ത്രിയുമായ നാരായണ്‍ പ്രസാദ് സാഹയുടെ മകനായ ബബ്‌ലു കുമാറിനാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച ബിഹാറിലെ വെസ്റ്റ് ചാമ്പരന്‍ ജില്ലയിലെ ഹരാദിയ കൊയേരി തോല ഗ്രാമത്തിലാണ് സംഭവം. തോട്ടത്തില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നത് കണ്ട മന്ത്രിപുത്രനും കൂട്ടാളികളും ഇവരെ വഴക്കുപറയുകയും ഭയപ്പെടുത്താനായി ആകാശത്തേക്ക് വെടിവയ്ക്കുകയുമായിരുന്നു. ഇത് കണ്ട ഭയന്ന കുട്ടികള്‍ ചിതറി ഓടുകയും ചെയ്തു. ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ഇതെത്തുടര്‍ന്ന് മന്ത്രിയുടെ മകന്‍ ബബ്‌ലു കുമാറും കൂട്ടാളികളും ഗ്രാമവാസികളും തമ്മില്‍ ഏറ്റുമുട്ടിയതായി പോലിസ് പറഞ്ഞു.

ബബ്‌ലു കുമാറിന്റെ കൈയില്‍നിന്ന് ഗ്രാമവാസികള്‍ തോക്ക് തട്ടിയെടുക്കുകയും ചെയ്തു. ഇവരെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകളാണ് പുറത്തുവിട്ടത്. സര്‍ക്കാര്‍ വാഹനത്തില്‍ വന്നയാളെ ഗ്രാമവാസികള്‍ ഓടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. മന്ത്രിയുടെ പേരെഴുതിയ നെയിം പ്ലേറ്റ് നാട്ടുകാര്‍ തകര്‍ത്ത ശേഷം വാഹനം ഉപേക്ഷിച്ച് കുമാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.


മന്ത്രിയുടെ മകനൊപ്പം അമ്മാവന്‍ ഹരേന്ദ്ര പ്രസാദും സഹായികളുമുണ്ടായിരുന്നതായും എല്ലാവര്‍ക്കും പരിക്കേറ്റതായും പോലിസ് അറിയിച്ചു. ക്രിക്കറ്റ് കളിക്കുന്നതിനിടെ മന്ത്രിയുടെ കുടുംബാംഗങ്ങള്‍ കുട്ടികളെ മര്‍ദ്ദിച്ചെന്നും ബബ്‌ലു ആകാശത്തേക്ക് വെടിയുതിര്‍ത്തത് സ്ഥിതി വഷളാക്കിയെന്നുമാണ് ഗ്രാമവാസികളുടെ ആരോപണം.


എന്നാല്‍, താന്‍ വെടിയുതിര്‍ത്തിട്ടില്ലെന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിപുത്രന്റെ അവകാശവാദം. തന്റെ മകന്‍ തോട്ടത്തിലെ കൈയേറ്റത്തെക്കുറിച്ച് അറിഞ്ഞയുടന്‍ സംഭവസ്ഥലത്തുകയും അവിടെ വച്ച് നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. ലൈസന്‍സുള്ള തോക്കുകള്‍ കവര്‍ന്നെടുക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് കനത്ത പോലിസ് വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും എസ്പി പറഞ്ഞു.

Next Story

RELATED STORIES

Share it