India

ബില്‍ക്കിസ് ബാനു കേസ്; മോചനം തടഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ ഹരജിയുമായി പ്രതികള്‍

ബില്‍ക്കിസ് ബാനു കേസ്; മോചനം തടഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ ഹരജിയുമായി പ്രതികള്‍
X

ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളെ വെറുതെവിട്ട നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധിക്കിക്കെതിരെ ബില്‍ക്കിസ് ബാനു കേസ് പ്രതികള്‍. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കേസിലെ മൂന്ന് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കേസിലെ 11 പ്രതികളില്‍ രാധേശ്യാം, ഭഗവാന്‍ദാസ് ഷാ, രാജുഭായ് ബാബുലാല്‍ എന്നിവരാണ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന് അനുവാദമില്ലെന്ന് സുപ്രീം കോടതി വിധി റദ്ദ് ചെയ്യണമെന്ന് പ്രതികള്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

2022 ആഗസ്റ്റില്‍ നല്ല പെരുമാറ്റത്തിന് കേസിലെ 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിടുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതികളെ വെറുതെവിടാന്‍ ഗുജറാത്ത് സര്‍ക്കാരിന് അനുവാദമില്ലെന്നും കേസിലെ 11 പ്രതികളും രണ്ടാഴ്ച്ചക്കകം കീഴടങ്ങണമെന്നും സുപ്രീം കോടതി വിധിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളുടെ വിവേചനാധികാരം ദുരുപയോഗം ചെയ്തെന്നും സുപ്രീം കോടതി വിധിയില്‍ കുറ്റപ്പെടുത്തിയിരുന്നു. അടുത്തിടെ പൂജക്കായി പരോള്‍ അനുവദിക്കണമെന്ന കേസിലെ പ്രതികളുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. മിതേഷ് ഭട്ട്, ശൈലേഷ് ഭട്ട് എന്നീ രണ്ട് പ്രതികളുടെ ഹരജിയാണ് കോടതി തള്ളിയത്.



2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിനിടയില്‍ ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ 11 പ്രതികളും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 2008 ജനുവരി 21നാണ് മുംബൈയിലെ സി.ബി.ഐ കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.



15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് പ്രതികളുടെ ശിക്ഷാ ഇളവ് പരിശോധിക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയാണ് നല്ലനടപ്പിന് 11 പ്രതികളെയും വെറുതെവിടാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്.








Next Story

RELATED STORIES

Share it