India

പുറത്തുനിന്നുള്ളവരെ പ്രചാരണത്തിനിറക്കിയത് ബംഗാളില്‍ കൊവിഡ് വ്യാപനത്തിന് കാരണമായി; ബിജെപിക്കെതിരേ വിമര്‍ശനവുമായി മമത

രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തെ ഭൂരിഭാഗം ആളുകള്‍ക്കും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. അവര്‍ (ബിജെപി നേതാക്കള്‍) പ്രചാരണത്തിനായി പുറത്തുനിന്നുളളവരെ കൊണ്ടുവന്നു. അത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

പുറത്തുനിന്നുള്ളവരെ പ്രചാരണത്തിനിറക്കിയത് ബംഗാളില്‍ കൊവിഡ് വ്യാപനത്തിന് കാരണമായി; ബിജെപിക്കെതിരേ വിമര്‍ശനവുമായി മമത
X

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊവിഡ് വ്യാപനത്തിന് കാരണം ബിജെപിയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തുനിന്ന് ആളുകളെ ബിജെപി വന്‍തോതില്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നുവെന്നും ഇതാണ് കൊവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരാന്‍ കാരണമായതെന്നും മമത കുറ്റപ്പെടുത്തി. ബംഗാളില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് കൊവിഡ് വ്യാപനത്തില്‍ ബിജെപിയുടെ സംഭാവനയുണ്ടെന്ന് മമത കുറ്റപ്പെടുത്തിയത്.

രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തെ ഭൂരിഭാഗം ആളുകള്‍ക്കും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. അവര്‍ (ബിജെപി നേതാക്കള്‍) പ്രചാരണത്തിനായി പുറത്തുനിന്നുളളവരെ കൊണ്ടുവന്നു. അത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കൊവിഡ് സാഹചര്യത്തെ പിടിച്ചുനിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്നാല്‍, അവര്‍ അതെല്ലാം സങ്കീര്‍ണതയിലാക്കിയെന്നും മമത പറഞ്ഞു. പ്രചാരണത്തില്‍നിന്ന് തന്നെ 24 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ക്കുറിച്ചും അവര്‍ വിശദീകരിച്ചു.

ഒന്നിച്ച് വോട്ടുചെയ്യണമെന്ന് ഹിന്ദുക്കളോടും, മുസ്‌ലിംകളോടും, മറ്റുളളവരോടും പറയുന്നത് തെറ്റാണോ? എല്ലാ തിരഞ്ഞെടുപ്പ് യോഗങ്ങളിലും എന്നെ പരിഹസിക്കുന്ന പ്രധാനമന്ത്രി മോദിയുടെ കാര്യത്തില്‍ എന്താണ് പറയാനുളളത്? അദ്ദേഹത്തെ എന്താണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ വിലക്കാത്തത്?' മമത ചോദിക്കുന്നു. തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും നുണപ്രചാരണം നടത്തുകയാണെന്നും മമത ആരോപിച്ചു. എന്‍ആര്‍സിയും എന്‍പിആറും ഇപ്പോഴും കേന്ദ്രം നിലനിര്‍ത്തിയിട്ടുണ്ട്.

എന്നാല്‍, ലെബോങ്ങില്‍ നടന്ന ഒരു മീറ്റിങ്ങില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. അവരെ വിശ്വസിക്കരുത്. അവര്‍ അധികാരത്തിലെത്തിയാല്‍ അസമിലെ 14 ലക്ഷം ബംഗാളികള്‍ക്കുണ്ടായ അനുഭവം നിങ്ങള്‍ക്കുമുണ്ടാവും. ബിജെപി ഒരു അപകടകാരിയായ രാഷ്ട്രീയപ്പാര്‍ട്ടിയാണ്. അത് ബംഗാളിനെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്- മമത കുറ്റപ്പെടുത്തി. കേന്ദ്രസേനയ്‌ക്കെതിരായ പരാമര്‍ശത്തിന്റെയും മതപരമായ പ്രസ്താവനയുടെയും പേരിലാണ് പ്രചാരണം നടത്തുന്നതില്‍നിന്ന് 24 മണിക്കൂര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.

Next Story

RELATED STORIES

Share it