India

ഹെലികോപ്റ്റര്‍ അപകടം: അഞ്ച് സൈനികരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

ഹെലികോപ്റ്റര്‍ അപകടം: അഞ്ച് സൈനികരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
X

ന്യൂഡല്‍ഹി: ഊട്ടി കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച അഞ്ച് സൈനികരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. വിങ് കമാന്‍ഡര്‍ പി എസ് ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ഗീപ് സിങ്, ലാന്‍ഡ്‌സ് നായികുമാരായ തേജ, വിവേക് കുമാര്‍, ജുനിയര്‍ വാറണ്ട് ഓഫിസര്‍ ജെ ഡബ്ല്യു ദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. നേരത്തെ ബിപിന്‍ റാവത്ത്, ഭാര്യ മധുലിമ റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞ് ഡല്‍ഹിയില്‍ സംസ്‌കരിച്ചിരുന്നു. ശേഷിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.

അഞ്ച് സൈനികരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ക്ക് സംസ്‌കാരത്തിനായി വിട്ടുകൊടുത്തു. മൃതദേഹങ്ങള്‍ ഉചിതമായ സൈനിക ബഹുമതികളോടെ അന്ത്യകര്‍മങ്ങള്‍ക്കായി വിമാനമാര്‍ഗം അഞ്ച് സൈനികരുടെ ജന്‍മസ്ഥലങ്ങളിലേക്ക് കൊണ്ടുപോവുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡല്‍ഹി കന്റോണ്‍മെന്റിലെ ആര്‍മി ബേസ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലാണ് അജ്ഞാത മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ജനറല്‍ ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, അദ്ദേഹത്തിന്റെ പ്രതിരോധ ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍ എന്നിവരെ വെള്ളിയാഴ്ച ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു.

അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്റ് ഓഫിസര്‍ പ്രദീപിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഡല്‍ഹിയില്‍ നിന്നും മൃതദേഹം ഇന്ന് രാവിലെ 11ന് സുലൂര്‍ വ്യോമതാവളത്തിലെത്തിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് ജന്‍മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് കൊണ്ടുവരും. പ്രദീപ് പഠിച്ച പുത്തൂര്‍ ജിവിഎച്ച്എസ്എസില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാവും മൃതദേഹം വീട്ടിലേക്കുകൊണ്ടുപോവുക. പൊതുദര്‍ശനത്തിനുശേഷം 5.30ഓടെ മൃതദേഹം വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

Next Story

RELATED STORIES

Share it