India

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ വീഡിയോ നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രം; കേസില്‍ ഒരാള്‍ അറസ്റ്റില്‍

സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തുവന്നിരുന്നത്.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ വീഡിയോ നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രം; കേസില്‍ ഒരാള്‍ അറസ്റ്റില്‍
X
ഡല്‍ഹി: മണിപ്പുരില്‍ രണ്ടുസ്ത്രീകളെ ഇതര സമുദായക്കാരായ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളോടും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. വീഡിയോ വ്യാപകമായി പ്രചരിക്കാനിടയായതില്‍ ട്വിറ്ററിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റിലായതായും പോലീസ് അറിയിച്ചു. രണ്ടര മാസം മുമ്പ് നടന്ന മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പ്രതികളിലൊരാളെ പോലീസ് പിടികൂടിയത്. ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായത്.

സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തുവന്നിരുന്നത്. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും പാടത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്നും കുക്കി ഗോത്രസംഘടനയായ ഐ.ടി.എല്‍.എഫ്. കുറ്റപ്പെടുത്തി. ആക്രമിച്ചത് മെയ്ത്തികളാണെന്നും കുക്കി-സോ വിഭാഗക്കാരാണ് ഇരകളായ സ്ത്രീകളെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ തട്ടിക്കൊണ്ട് പോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്ന് മണിപ്പൂര്‍ പോലീസ് അറിയിച്ചു.

അതിനിടെ, മണിപ്പൂരില്‍ മാസങ്ങളോളമായി തുടരുന്ന കലാപത്തില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 'മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്തതും ലജ്ജാകരവുമാണ്. കുറ്റക്കാരെ വെറുതെ വിടില്ല' പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നിയമം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിന്റെ വഴിക്ക് പോകും. മണിപ്പുരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. ദേഷ്യത്തിലും വേദനയിലും എന്റെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. മണിപ്പൂരില്‍ നിന്നുള്ള സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്. എല്ലാ മുഖ്യമന്ത്രിമാരോടും അവരുടെ സംസ്ഥാനങ്ങളില്‍ ക്രമസമാധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്കായി, ശക്തമായ നടപടികള്‍ കൈക്കൊള്ളുക. അത് രാജസ്ഥാനിലോ മണിപ്പൂരിലെ ഛത്തീസ്ഗഢിലോ രാജ്യത്തിന്റെ ഏതെങ്കിലും കോണിലായാലും രാഷ്ട്രീയത്തിന് അതീതമായി ഉയരുക' പ്രധാനമന്ത്രി പറഞ്ഞു.


Next Story

RELATED STORIES

Share it