India

ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം

ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം
X

കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരിലെ പഞ്ച്ഗുഡിയിലാണ് സംഭവം. ബിജെപി- തൃണമൂല്‍ സംഘര്‍ഷമുണ്ടായ മേഖലയില്‍ സന്ദര്‍ശനം നടത്താന്‍ പോകവെയാണ് വാഹനവ്യൂഹത്തിന് നേരേ ആള്‍ക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കുന്നതിനായി പോവുന്നതിനിടെയായിരുന്നു മുരളീധരന്റെ വാഹനത്തിനു നേരേ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വി മുരളീധരന്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

വടികളും കല്ലുകളുമായി ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. മുരളീധരന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. അകമ്പടി സേവിച്ചിരുന്ന പോലിസ് വാഹനത്തിനുനേരെയും ആക്രമണമുണ്ടായി. തന്റെ ഡ്രൈവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി വി മുരളീധരന്‍ പറഞ്ഞു. തൃണമൂല്‍ ഗുണ്ടകളാണ് അക്രമം അഴിച്ചുവിട്ടത്. കാറിന്റെ ചില്ല് അവര്‍ അടിച്ചുതകര്‍ത്തു. പോലിസ് സാന്നിധ്യത്തിലാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം നടന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it