India

മഹാരാഷ്ട്രയില്‍ മഹാസഖ്യവുമായി കോണ്‍ഗ്രസും എന്‍സിപിയും

ഏപ്രിലില്‍ നാലുഘട്ടങ്ങളിലായാണ് മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള രണ്ടാമത്തെ സംസ്ഥാനമെന്ന നിലയില്‍ മഹാരാഷ്ട്രയിലെ ഫലം ബിജെപിക്കും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനും നിര്‍ണായകമാണ്.

മഹാരാഷ്ട്രയില്‍ മഹാസഖ്യവുമായി കോണ്‍ഗ്രസും എന്‍സിപിയും
X

മുംബൈ: മഹാരാഷ്ട്രയില്‍ 56 രാഷ്ട്രീയകക്ഷികളുടെയും സംഘടനകളുടെയും മഹാസഖ്യവുമായി കോണ്‍ഗ്രസും എന്‍സിപിയും. ഏപ്രിലില്‍ നാലുഘട്ടങ്ങളിലായാണ് മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള രണ്ടാമത്തെ സംസ്ഥാനമെന്ന നിലയില്‍ മഹാരാഷ്ട്രയിലെ ഫലം ബിജെപിക്കും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനും നിര്‍ണായകമാണ്. കഴിഞ്ഞ ശനിയാഴ്ച വിളിച്ചുചേര്‍ത്ത സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാനത്തെ പ്രതിപക്ഷ മഹാസഖ്യം സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്. സഖ്യത്തില്‍ സീറ്റ് പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഏകദേശ ധാരണകള്‍ രൂപപ്പെട്ടിട്ടുണ്ട്. 20 സീറ്റുകളില്‍ എന്‍സിപിയും 24 സീറ്റുകളില്‍ കോണ്‍ഗ്രസും മല്‍സരിക്കും.

സ്വാഭിമാനി ഷേത്കാരി സംഘടന രണ്ടുസീറ്റില്‍ മല്‍സരിക്കും. ബഹുജന്‍ വികാസ് അഘാതി ഒരു സീറ്റില്‍ മല്‍സരിക്കും. സ്വതന്ത്ര എംഎല്‍എ രിവി റാണയും സഖ്യത്തിന്റെ ഭാഗമായി ജനവിധി തേടും. കര്‍ഷക നേതാവും പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഹത്കനെങ്ക്‌ലെയില്‍നിന്നുള്ള എംപിയുമായ എംപി രാജുവിന്റെ നേതൃത്വത്തിലാണ് സ്വാഭിമാനി ഷേത്കാരി സംഘടന രൂപീകരിച്ചത്. 2014ല്‍ എന്‍ഡിഎയുടെ ഭാഗമായി മല്‍സരിച്ച രാജു ഷെട്ടി രണ്ടുവര്‍ഷം മുമ്പ് ബിജെപി സഖ്യം ഉപേഷിച്ചിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങളോട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന നിഷേധാത്മക സമീപനത്തെത്തുടര്‍ന്നായിരുന്നു നടപടി. ഭരണഘടനാ ശില്‍പി ഡോക്ടര്‍ ബിആര്‍ അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കറിന്റെ നേതൃത്വത്തിലാണ് ബഹുജന്‍ വികാസ് അഘാതി പാര്‍ട്ടി രൂപീകരിച്ചത്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായി സഹകരിച്ചായിരുന്നു ബഹുജന്‍ വികാസ് അഘാതിയുടെ രൂപീകരണം.

2014 പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേനാ സഖ്യമായിരുന്നു മഹാരാഷ്ട്രയിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലും വിജയിച്ചത്. കോണ്‍ഗ്രസ് രണ്ടുസീറ്റുകളിലേക്കും സഖ്യകക്ഷിയായ എന്‍സിപി നാല് സീറ്റുകളിലേക്കും ഒതുങ്ങി. 1962 മുതല്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിയിരുന്ന നാന്ദര്‍ബാര്‍, സാംഗ്ലി സീറ്റുകളും അന്ന് നഷ്ടപ്പെട്ടിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭരണപക്ഷ, പ്രതിപക്ഷ സഖ്യങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കെത്തുന്ന തരത്തിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയസാഹചര്യങ്ങള്‍. സംസ്ഥാനത്തെ ദേവേന്ദ്ര ഫട്്‌നാവിസ്് സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഭരണപരാജയങ്ങള്‍ കോണ്‍ഗ്രസ് എന്‍സിപി നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം ഉയര്‍ത്തിക്കാണിക്കും. ബിജെപിയുടെ സഖ്യകക്ഷിയാണെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ശിവസേനയും നിരവധി തവണ വിമര്‍ശനങ്ങളുന്നയിക്കുകയും പ്രതിപക്ഷ കക്ഷിയുടേതിനു സമാനമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

നോട്ട് നിരോധനം മുതല്‍ കാര്‍ഷിക കടവുമായി ബന്ധപ്പെട്ട് ഫട്‌നാവിസ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരേ വരെ ശിവസേനയുടെ പ്രതികരണങ്ങള്‍ പുറത്തുവന്നിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്നായിരുന്നു ശിവസേന ആദ്യഘട്ടത്തില്‍ അറിയിച്ചത്. എന്നാല്‍, പിന്നീട് ബിജെപിക്കൊപ്പം സഖ്യം ചേരാന്‍ അവര്‍ തീരുമാനിച്ചു. അധ്യക്ഷന്‍ അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും അടക്കമുള്ള നേതാക്കളുടെ ശ്രമത്തിനൊടുവിലാണ് ബിജെപിക്ക് ശിവസേനയെ അനുനയിപ്പിക്കാന്‍ സാധിച്ചത്. പുല്‍വാമ ആക്രമണം, തുടര്‍ന്നുള്ള സൈന്യത്തിന്റെ നടപടികള്‍ തുടങ്ങിയ വിഷയങ്ങളാവും ബിജെപിയും ശിവസേനയും ഇത്തവണ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാണിക്കുക. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മാഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഇത്തവണ മല്‍സരരംഗത്തേക്കില്ലെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ പ്രചാരണം നടത്തുമെന്നും എംഎന്‍എസ് അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it