India

ഡല്‍ഹിയില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; എല്ലാ സീറ്റിലും മൂന്നാംസ്ഥാനത്ത്

തിരഞ്ഞെടുപ്പില്‍ ഒരിടത്തുപോലും കാര്യമായ മല്‍സരം സൃഷ്ടിക്കാന്‍ പോലും ഇത്തവണ കോണ്‍ഗ്രസിനായിട്ടില്ല. നിലനില്‍പ്പിന്റെ സമരമായിട്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കണ്ടിരുന്നതെങ്കില്‍ കോണ്‍ഗ്രസ് ചിത്രത്തില്‍പോലുമുണ്ടായില്ല.

ഡല്‍ഹിയില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; എല്ലാ സീറ്റിലും മൂന്നാംസ്ഥാനത്ത്
X

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തിളക്കമാര്‍ന്ന വിജയത്തിലെത്തുകയും ബിജെപി നില മെച്ചപ്പെടുത്തുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് വീണ്ടും തകര്‍ന്ന് തരിപ്പണമായി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഡല്‍ഹിയില്‍ അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണുണ്ടായിരിക്കുന്നത്. നിര്‍ണായക വിജയമൊന്നും പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞതവണത്തെ പൂജ്യമെന്ന നിലയില്‍നിന്ന് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള കടുത്ത യത്‌നത്തിലായിരുന്നു പാര്‍ട്ടി. എന്നാല്‍, ഫലം പുറത്തുവന്നപ്പോള്‍ ഇത്തവണയും വട്ടപ്പൂജ്യം. എല്ലാ സീറ്റിലും കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്താണ്.

മൂന്നുതവണയായി 15 വര്‍ഷത്തോളം ഡല്‍ഹി ഭരിച്ച പാര്‍ട്ടിയായിട്ടുപോലും ഈ തിരഞ്ഞെടുപ്പിലും ഡല്‍ഹിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. 2015ലും സമാനമായിരുന്നു സ്ഥിതി. വട്ടപ്പൂജ്യമാണെങ്കിലും ബിജെപി പരാജയപ്പെട്ടുവെന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. നേതാക്കളില്‍ പലരും ഇത്തരം പ്രതികരണങ്ങളും നടത്തിക്കഴിഞ്ഞു. ബിജെപിയുടെ പരാജയം സന്തോഷം നല്‍കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പ്രതികരിച്ചു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതുകൊണ്ടുതന്നെ എഎപിയുടെ വിജയം കുറഞ്ഞ നിരാശ മാത്രമേ നല്‍കുന്നുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ ഇതിലും നല്ലൊരു സമയമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായുടെ പ്രതികരണം. നേതൃത്വനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നും ഇത്തരം തകര്‍ച്ചയുണ്ടാവുമെന്നും മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് മധ്യപ്രദശ് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. അതേസമയം, ഡല്‍ഹിയില്‍ ഇത്തവണ ഭരണം പിടിക്കുമെന്ന് പറഞ്ഞ് വോട്ടുതേടിയ ബിജെപിക്ക് ഇതെന്തുപറ്റിയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തകര്‍ച്ചയെത്തുര്‍ന്ന് വിവിധ ഭാഗങ്ങളില്‍നിന്നും പരിഹാസങ്ങളും ഉയരുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ ഒരിടത്തുപോലും കാര്യമായ മല്‍സരം സൃഷ്ടിക്കാന്‍ പോലും ഇത്തവണ കോണ്‍ഗ്രസിനായിട്ടില്ല. നിലനില്‍പ്പിന്റെ സമരമായിട്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കണ്ടിരുന്നതെങ്കില്‍ കോണ്‍ഗ്രസ് ചിത്രത്തില്‍പോലുമുണ്ടായില്ല. 15 വര്‍ഷത്തെ ഷീലാ ദീക്ഷിത് സര്‍ക്കാരിന്റ പ്രവര്‍ത്തനനേട്ടങ്ങള്‍, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപിയെ പിന്തള്ളി രണ്ടാംസ്ഥാനത്തെത്താനായതിന്റെ ആത്മവിശ്വാസവും കോണ്‍ഗ്രസിനുണ്ടായിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ അനുകൂലമാവുമെന്നും സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവനേതാക്കളുടെ പ്രാതിനിധ്യവും അഞ്ച് സീറ്റിലെങ്കിലും ജയിക്കാനാവുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ചു.

എന്നാല്‍, ശക്തരായ നേതാക്കളില്ലാത്തതും മറ്റു അതിദുര്‍ബലമായ സംഘടനാസംവിധാനങ്ങളും കോണ്‍ഗ്രസിനെ പിന്നോട്ടടിപ്പിച്ചു. ഷീലാ ദീക്ഷിത്തിന്റെ മരണത്തിനുശേഷം സമാനവ്യക്തിപ്രഭാവമുള്ള നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചില്ല. കൂടാതെ ബിജെപിയെ അകറ്റിനിര്‍ത്താന്‍ ന്യൂനപക്ഷ വോട്ടുകള്‍ എഎപിയിലേക്ക് കേന്ദ്രീകരിച്ചതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ദേശീയരാഷ്ട്രീയത്തില്‍ മോദിയോടും അമിത് ഷായോടും ഏറ്റുമുട്ടുന്ന രാഹുല്‍ ഗാന്ധിക്ക് കെജ്‌രിവാളില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് കൂടി തെളിയിക്കുന്നതാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം. ശാഹീന്‍ബാഗടക്കം ഉയര്‍ത്തി ബിജെപി നടത്തിയ വര്‍ഗീയപ്രചാരണങ്ങളെയും വ്യക്തിയധിക്ഷേപങ്ങളെയും കെജ്‌രിവാള്‍ നേരിട്ട രാഷ്ട്രീയവൈദഗ്ധ്യമാണ് ഏറ്റവും വലിയ പാഠം.

2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരേ കടുത്ത വിമര്‍ശനം നടത്തി തിരിച്ചടി നേരിട്ട കെജ്‌രിവാള്‍ അനുഭവത്തില്‍നിന്നാണ് പാഠം ഉള്‍ക്കൊണ്ടത്. വര്‍ഗീയ ആരോപണങ്ങള്‍ക്കെതിരേ വ്യക്തമായ അകലം പാലിച്ചും വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്താതെയുമാണ് കെജ്‌രിവാള്‍ ഇത്തവണ തിരഞ്ഞെടുപ്പ് നേരിട്ടത്. 2015ല്‍ 9.7 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസ് നിലവില്‍ അഞ്ചുശതമാനം വോട്ടുകള്‍ പോലും പിടിച്ചില്ല. അതേസമയം, കോണ്‍ഗ്രസിന്റെ തകര്‍ച്ച വിലയിരുത്തുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. ഡല്‍ഹി പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുടെ വര്‍ഗീയപ്രചാരണവും കോണ്‍ഗ്രസിന് വിനയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it