Sub Lead

അണ്ണാമലൈയ്ക്കെതിരെ പരാതി നല്‍കി ഡിഎംകെ; കന്നിവോട്ടര്‍മാര്‍ക്കായി ബിജെപി ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ചു

അണ്ണാമലൈയ്ക്കെതിരെ പരാതി നല്‍കി ഡിഎംകെ; കന്നിവോട്ടര്‍മാര്‍ക്കായി ബിജെപി ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
X

ചെന്നൈ: കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ അണ്ണാമലൈ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് പരാതി. ഇത് സംബന്ധിച്ച് ഡിഎംകെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. മണ്ഡലത്തിലെ കന്നിവോട്ടര്‍മാര്‍ക്കായി ക്രിക്കറ്റ്-ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചതായാണ് ഡിഎംകെ നല്‍കിയ പരാതിയില്‍ പറയുന്നത്.

മത്സരങ്ങളുമായി ബന്ധപ്പെട്ട ബോര്‍ഡുകളില്‍ നരേന്ദ്ര മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മത്സരങ്ങളുടെ മറവില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ബിജെപിയ്ക്ക് നീക്കമുണ്ടെന്നും ഡിഎംകെ ആരോപിക്കുന്നു. മത്സരങ്ങള്‍ തടയണമെന്നും പരാതിയില്‍ പറയുന്നു.

അതേ സമയം അണ്ണാമലൈയ്ക്ക് ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നാം തമിഴര്‍ കക്ഷി നേതാവ് സീമാനും രംഗത്ത് വന്നിട്ടുണ്ട്. അണ്ണാമലൈ തമിഴനാണോ എന്നറിയാനാണ് ഡിഎന്‍എ പരിശോധന നടത്തേണ്ടത്. പലവേദികളിലും തമിഴില്‍ സംസാരിക്കുന്നതിനെക്കാള്‍ കന്നഡയിലും ഹിന്ദിയിലും സംസാരിക്കാനാണ് അണ്ണാമലൈക്ക് താത്പര്യമെന്നും സീമാന്‍ പറഞ്ഞു.

കര്‍ണാടകയില്‍ ഐപിഎസ് ഓഫീസറായി ജോലിചെയ്യുമ്പോള്‍ തമിഴനാണെന്ന് പറയാന്‍ അണ്ണാമലൈ മടിച്ചിരുന്നുവെന്നും സീമാന്‍ ആരോപിച്ചു. തമിഴ്നാടിന്റെ താത്പര്യങ്ങളെക്കാള്‍ കര്‍ണാടകയുടെ നന്മയാണ് അണ്ണാമലൈ ആഗ്രഹിക്കുന്നതെന്നും സീമാന്‍ പറഞ്ഞു. ചെന്നൈയില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സീമാന്‍.






Next Story

RELATED STORIES

Share it