India

ഇഎസ്‌ഐ: വനിതകളുടെ ശമ്പളപരിധി 50,000 രൂപയാക്കി

മാസം 50,000 രൂപ വരെ ശമ്പളമുള്ള വനിതകള്‍ക്കും ഇനി ഇഎസ്‌ഐ ആനുകൂല്യം. തൊഴിലാളി പ്രോവിഡന്റ് ഫണ്ട് സ്‌കീം മാതൃകയില്‍ ആനുകൂല്യങ്ങള്‍ക്ക് ശമ്പളപരിധി നിശ്ചയിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഇഎസ്‌ഐ പ്രകാരമുള്ള ചികിത്സാനുകൂല്യങ്ങള്‍ നല്‍കാനുള്ള ആലോചനയുടെ ഭാഗമായാണ് നടപടി.

ഇഎസ്‌ഐ: വനിതകളുടെ ശമ്പളപരിധി 50,000 രൂപയാക്കി
X

ന്യൂഡല്‍ഹി: മാസം 50,000 രൂപ വരെ ശമ്പളമുള്ള വനിതകള്‍ക്കും ഇനി ഇഎസ്‌ഐ ആനുകൂല്യം. തൊഴിലാളി പ്രോവിഡന്റ് ഫണ്ട് സ്‌കീം മാതൃകയില്‍ ആനുകൂല്യങ്ങള്‍ക്ക് ശമ്പളപരിധി നിശ്ചയിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഇഎസ്‌ഐ പ്രകാരമുള്ള ചികിത്സാനുകൂല്യങ്ങള്‍ നല്‍കാനുള്ള ആലോചനയുടെ ഭാഗമായാണ് നടപടി. പുരുഷന്മാരുടെ ശമ്പളപരിധി 21,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. വെള്ളിയാഴ്ച തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഎസ്‌ഐ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

21,000 രൂപയില്‍ കൂടുതല്‍ മാസശമ്പളമുള്ളവര്‍ ഇഎസ്‌ഐ പദ്ധതിയില്‍നിന്ന് തനിയേ പുറത്താകുന്നതാണ് നിലവിലെ രീതി. മൂന്നേകാല്‍ കോടി ഇഎസ്‌ഐ വരിക്കാരില്‍ സ്ത്രീകളുടെ എണ്ണം 52 ലക്ഷമേയുള്ളൂ. ഈ നിര്‍ദേശത്തിന്റെ ചര്‍ച്ചയ്ക്കിടയിലാണ് ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും ആനൂകൂല്യം ലഭിക്കാന്‍ ശമ്പളപരിധി നിശ്ചയിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

ജോലിക്കിടെ അംഗവൈകല്യം സംഭവിച്ചാലും തൊഴിലാളി മരിച്ചാലും നല്‍കുന്ന ആനുകൂല്യം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം യോഗം തത്ത്വത്തില്‍ അംഗീകരിച്ചു. എല്ലാ അംഗങ്ങളുടെയും അപകട, അംഗവൈകല്യ, മരണാനന്തര ആനൂകൂല്യങ്ങള്‍ 25 ശതമാനം വര്‍ധിപ്പിക്കും. തൊഴിലാളിയുടെ പ്രായം, ബാക്കിയുള്ള സര്‍വീസ്, ഒടുവിലത്തെ ശമ്പളം, അംഗവൈകല്യത്തിന്റെ സ്വഭാവം തുടങ്ങിയവ പരിഗണിച്ചാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നത്. ഇതിനായി അടിസ്ഥാനമാക്കുന്ന പട്ടിക പരിഷ്‌കരിക്കും.

പ്രസാവനുകൂല്യത്തിന് തുല്യമായ ആറുമാസത്തെ അവധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയില്‍ കഴിയുന്നവര്‍ക്കും നല്‍കണമെന്ന ശുപാര്‍ശയും ഉപസമിതി പരിശോധിക്കും.

ഇഎസ്‌ഐയുടെ കീഴിലുള്ള എല്ലാ മെഡിക്കല്‍ കോളജുകളിലും എംബിബിഎസിന് 50 സീറ്റുവീതം കൂട്ടാനും ആറ് മെഡിക്കല്‍ കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് തുടങ്ങാനും തീരുമാനിച്ചു.

ഒമ്പത് മെഡിക്കല്‍ കോളേജുകളിലായി 900 സീറ്റാണ് നിലവിലുള്ളത്. 450 സീറ്റുകള്‍ കൂടുതല്‍ ലഭിക്കുന്നതോടെ അതിനാനുപാതികമായി ഇഎസ്‌ഐ. വരിക്കാരുടെ മക്കള്‍ക്കും സംവരണം ലഭിക്കും. ഇപ്പോള്‍ 25 ശതമാനം സീറ്റ് ഇഎസ്‌ഐ ക്വാട്ടയിലുണ്ട്.

Next Story

RELATED STORIES

Share it