India

ഡല്‍ഹി ചലോ മാര്‍ച്ച്: കണ്ണീര്‍വാതകവും ജലപീരങ്കിയും മറികടന്ന് കര്‍ഷകര്‍ മുന്നോട്ട്; നേരിടാന്‍ കേന്ദ്രസേനയും രംഗത്ത്

ഇന്ന് വൈകുന്നേരത്തോടെ 50,000 ലധികം കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തുമെന്ന് കര്‍ഷകസംഘടനകള്‍ അവകാശപ്പെട്ടു. കടുത്ത ശൈത്യത്തെയും അവഗണിച്ചുകൊണ്ട് ട്രാക്ടറുകളില്‍ അരിയും കമ്പിളിപ്പുതപ്പും മറ്റു അവശ്യസാധനങ്ങളുമായിട്ടാണ് ആയിരക്കണക്കിന് കര്‍ഷകര്‍ ദേശീയ തലസ്ഥാനം ലക്ഷ്യമാക്കികൊണ്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഡല്‍ഹി ചലോ മാര്‍ച്ച്: കണ്ണീര്‍വാതകവും ജലപീരങ്കിയും മറികടന്ന് കര്‍ഷകര്‍ മുന്നോട്ട്; നേരിടാന്‍ കേന്ദ്രസേനയും രംഗത്ത്
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച 'ഡല്‍ഹി ചലോ' മാര്‍ച്ചില്‍നിന്ന് പിന്‍മാറാന്‍ തയ്യാറാവാതെ കര്‍ഷകസംഘടനകള്‍. ബാരിക്കേഡുകളും ജലപീരങ്കിയും കണ്ണൂര്‍ വാതകവുമടക്കം വിവിധ സ്ഥലങ്ങളില്‍ പോലിസ് തീര്‍ത്ത പ്രതിബന്ധങ്ങള്‍ മറികടന്നാണ് കര്‍ഷക പ്രക്ഷോഭം ഡല്‍ഹിയിലേക്ക് അടുക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ 50,000 ലധികം കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തുമെന്ന് കര്‍ഷകസംഘടനകള്‍ അവകാശപ്പെട്ടു. കടുത്ത ശൈത്യത്തെയും അവഗണിച്ചുകൊണ്ട് ട്രാക്ടറുകളില്‍ അരിയും കമ്പിളിപ്പുതപ്പും മറ്റു അവശ്യസാധനങ്ങളുമായിട്ടാണ് ആയിരക്കണക്കിന് കര്‍ഷകര്‍ ദേശീയ തലസ്ഥാനം ലക്ഷ്യമാക്കികൊണ്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്.

പാനിപ്പത്തിലാണ് കര്‍ഷകര്‍ വ്യാഴാഴ്ച രാത്രി തങ്ങിയത്. ഏത് പ്രതിസന്ധിയും തരണം ചെയ്ത് ഡല്‍ഹിയിലെത്തിച്ചേരുകയെന്ന ലക്ഷ്യമാണ് കര്‍ഷകര്‍ക്കുള്ളത്. കര്‍ഷകരെ പ്രതിരോധിക്കാന്‍ പോലിസിന് പുറമെ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. കൂടാതെ പിന്‍മാറിയില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, തീരുമാനത്തില്‍നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് പാളികളും ബാരിക്കേഡുകളും മുള്ളുവേലിയും മണ്ണും ഉപയോഗിച്ചാണ് പോലിസ് കര്‍ഷകരെ തടഞ്ഞിരിക്കുന്നത്. കൂടാതെ മണല്‍ കയറ്റിയ വലിയ ട്രക്കുകളും ഇവിടെ തടസ്സമായി സ്ഥാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ഹരിയാന-ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. വന്‍ പോലിസ് സന്നാഹമാണ് ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങിയത്. ആയിരത്തിലേറെ കര്‍ഷകനേതാക്കളെ ഇതിനോടകം കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ചതന്നെ പോലിസ് ഉത്തരവിറക്കിയിരുന്നു.

സമരക്കാരെ തടയാന്‍ ഡല്‍ഹിയിലെ എട്ടു മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. വ്യാഴാഴ്ച പഞ്ചാബില്‍നിന്നും പുറപ്പെട്ട കര്‍ഷകരെ അംബാലയില്‍ വച്ച് പോലിസ് തടഞ്ഞിരുന്നു. പോലിസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോലിസ് ബാരിക്കേഡ് കര്‍ഷകര്‍ പുഴയിലേക്ക് എറിയുകയും ചെയ്തിരുന്നു. കാര്‍ഷിക വിരുദ്ധനയങ്ങള്‍ കേന്ദ്രം പിന്‍വലിക്കാതെ സമരത്തില്‍നിന്നും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ഉപരോധം നടത്തുമെന്നാണ് സമരം നയിക്കുന്ന ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനം.

Next Story

RELATED STORIES

Share it