India

'ഡല്‍ഹി ചലോ' മാര്‍ച്ച് ശക്തിയാര്‍ജിക്കുന്നു; ഒമ്പത് സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കാന്‍ അനുമതി തേടി ഡല്‍ഹി പോലിസ്

കര്‍ഷകരുടെ മാര്‍ച്ച് ഡല്‍ഹിയിലേയ്ക്ക് കടക്കുന്നത് തടയുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംഘര്‍ഷത്തിനിടയാക്കുന്ന പശ്ചാത്തലത്തില്‍ അറസ്റ്റുചെയ്യുന്ന കര്‍ഷകരെ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് വേണ്ടിയാണ് നഗരത്തിലെ സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാനുള്ള ഡല്‍ഹി പോലിസിന്റെ തീരുമാനം.

ഡല്‍ഹി ചലോ മാര്‍ച്ച് ശക്തിയാര്‍ജിക്കുന്നു; ഒമ്പത് സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കാന്‍ അനുമതി തേടി ഡല്‍ഹി പോലിസ്
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ച് ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ ഒമ്പത് സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കാന്‍ ഡല്‍ഹി പോലിസ് ആം ആദ്മി സര്‍ക്കാരിന്റെ അനുമതി തേടി. കര്‍ഷകരുടെ മാര്‍ച്ച് ഡല്‍ഹിയിലേയ്ക്ക് കടക്കുന്നത് തടയുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംഘര്‍ഷത്തിനിടയാക്കുന്ന പശ്ചാത്തലത്തില്‍ അറസ്റ്റുചെയ്യുന്ന കര്‍ഷകരെ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് വേണ്ടിയാണ് നഗരത്തിലെ സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാനുള്ള ഡല്‍ഹി പോലിസിന്റെ തീരുമാനം. ഇതിനായുള്ള അനുവാദത്തിനായി പോലിസ് ഡല്‍ഹി സര്‍ക്കാരിനെ സമീപിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങുന്നത്. എന്നാല്‍, എല്ലാ അതിര്‍ത്തിയിലും പോലിസ് ബാരിക്കേഡുകള്‍ വെച്ച് തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡല്‍ഹി- ഹരിയാന അതിര്‍ത്തി പോലിസ് പൂര്‍ണമായും തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ പലയിടത്തും സംഘര്‍ഷസാഹചര്യമായി. കര്‍ഷകരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. താല്‍ക്കാലികമായി കര്‍ഷകര്‍ പിന്‍മാറിയെങ്കിലും ആയിരിക്കണക്കിന് കര്‍ഷകര്‍ കൂട്ടമായി അതിര്‍ത്തിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.

എന്ത് സംഭവിച്ചാലും പിന്‍മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കര്‍ഷകരെ പ്രതിരോധിക്കാന്‍ കേന്ദ്രസേനയെ കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. കര്‍ഷകപ്രക്ഷോഭത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സായുധസേനയെ അടക്കമുള്ള വന്‍സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി-ഹരിയാന, ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലും സേനയെ വിന്യസിച്ചു. കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ച പോലിസ് ഉത്തരവിറക്കിയിരുന്നു. സമരക്കാരെ തടയാന്‍ ഡല്‍ഹിയിലെ എട്ട് മെട്രോ സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണ്. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് അഞ്ഞൂറോളം കര്‍ഷകസംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ ഡിസംബര്‍ മൂന്നിന് കര്‍ഷകസംഘടന പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്.

Next Story

RELATED STORIES

Share it