India

കൊവിഡിനെതിരായ പോരാട്ടം നീണ്ടത്; ലോക്ക് ഡൗണ്‍ ഇളവുകളില്‍ ജാഗ്രത വേണം: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

രാജ്യത്തെ സാമ്പത്തികമേഖല പതിയെ തിരിച്ചുവരികയാണ്. വ്യവസായങ്ങള്‍ തുറക്കുന്നു. കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണം.

കൊവിഡിനെതിരായ പോരാട്ടം നീണ്ടത്; ലോക്ക് ഡൗണ്‍ ഇളവുകളില്‍ ജാഗ്രത വേണം: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്നോട്ടുള്ള വഴി വളരെ നീണ്ടതാണെന്നും ജനങ്ങളാണ് പോരാട്ടം നയിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊവിഡ് ഭീഷണിയെ ജനപിന്തുണയോടെ രാജ്യം നേരിടും. ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോവണം. കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ സാമ്പത്തികമേഖല പതിയെ തിരിച്ചുവരികയാണ്. വ്യവസായങ്ങള്‍ തുറക്കുന്നു. കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണം.

ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ജനസംഖ്യ കൂടുതലായിട്ടും കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഈ പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്. എല്ലാ ജനങ്ങളും കൊവിഡ് പോരാട്ടത്തില്‍ പങ്കാളികളായി. എല്ലാവരും കൊവിഡിന്റെ ദുരിതം അനുഭവിച്ചു. സാധാരണക്കാരും തൊഴിലാളികളും ഇക്കാലയളവില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. ഇത് കുറയ്ക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം തുടരുകയാണ്. പരസ്പരം സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങി. ഈ ഘട്ടത്തില്‍ രാജ്യം കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പമാണ്. ഇവര്‍ക്കായി ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്. മൈഗ്രേഷന്‍ കമ്മീഷനും സ്‌കില്‍ മാപ്പിങ്ങും അതില്‍ ചിലതാണ്.

തൊഴിലാളികളെ ശാക്തീകരിക്കേണ്ടത് വികസനത്തിന് ആവശ്യമാണ്. തൊഴിലാളികളുടെ ശക്തി രാജ്യം പ്രയോജനപ്പെടുത്തും. തൊഴിലാളികളെ തിരിച്ചെത്തിക്കുന്ന റെയില്‍വേ ജീവനക്കാരെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോളതലത്തിലേതു പോലെ രോഗവ്യാപനം ഇന്ത്യയിലുണ്ടായില്ല. വൈറസിനെതിരേയുള്ള നമ്മുടെ യുദ്ധം നീണ്ടുനില്‍ക്കും. നൂതന സങ്കേതങ്ങള്‍ തേടിയാലെ ഈ പോരാട്ടത്തില്‍ വിജയിക്കാനാവൂ. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി യോഗയും ആയുര്‍വേദവും ലോകം ഏറ്റെടുത്തു. ആയുഷ്മാന്‍ ഭാരതില്‍ ഒരുകോടി കുടുംബങ്ങള്‍ പങ്കാളികളായി.

ഒരുകോടി പേര്‍ക്ക് പദ്ധതി വഴി സൗജന്യചികില്‍സ ഉറപ്പാക്കാനായി. ഇതില്‍ 80 ശതമാനം പേര്‍ ഗ്രാമങ്ങളിലുള്ളവരാണെന്നും സത്യസന്ധരായ നികുതിദായകര്‍ ഇതില്‍ പങ്കാളികളാണെന്നും മോദി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ലാബുകളിലെ വാക്‌സിന്‍ പരീക്ഷണം ലോകം ഉറ്റുനോക്കുന്നു. വിദേശത്തുനിന്നുള്ള ഇറക്കുമതി കുറയ്ക്കണം. രാജ്യത്തിനകത്ത് ആഗോള ബ്രാന്‍ഡുകള്‍ വികസിപ്പിക്കും. വെട്ടുകിളി ആക്രമണം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും. ഓണ്‍ലൈന്‍ പഠനങ്ങള്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ രാജ്യം തേടുന്നു. അംപന്‍ ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളും ഒഡീഷയും നേരിട്ടത് വലിയ ദുരന്തമാണെന്നും രാജ്യം രണ്ടുസംസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

Next Story

RELATED STORIES

Share it