India

ഗൗരി ലങ്കേഷ് വധക്കേസ്: മൂന്ന് പ്രതികള്‍ക്ക് ജാമ്യം

ഗൗരി ലങ്കേഷ് വധക്കേസ്: മൂന്ന് പ്രതികള്‍ക്ക് ജാമ്യം
X

ബെംഗളൂരു: ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്ക് ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. കലബുറഗി ബെഞ്ചിലെ ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടിയാണ് പ്രതികളായ അമിത് ദിഗ്വേക്കര്‍, കെ ടി നവീന്‍ കുമാര്‍, എച്ച് എല്‍ സുരേഷ് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്.

വിചാരണ വൈകുന്നതിന്റെ പേരില്‍ 2023 ഡിസംബറില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച സഹപ്രതി മോഹന്‍ നായക്കിന്റെ കേസ് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളും ജാമ്യത്തിന് അപേക്ഷിച്ചത്. കുറ്റപത്രത്തില്‍ ആകെ 527 സാക്ഷികളുണ്ടെന്നും എന്നാല്‍ 90 പേരെ മാത്രമേ അന്ന് വിസ്തരിച്ചിരുന്നുള്ളൂവെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ വൈകിയതിന്റെ പേരില്‍ നായക് ജാമ്യം തേടിയിരുന്നത്.

ആക്ടിവിസ്റ്റും പണ്ഡിതനുമായ എംഎം കലബുറഗിയുടെ കൊലപാതകത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിയുടെ ധര്‍വാഡ് ബെഞ്ചിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനം ജാമ്യാപേക്ഷയെ എതിര്‍ത്തു.

2017സെപ്തംബര്‍ 5ന് ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ വെസ്റ്റ് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുമ്പില്‍വെച്ചാണ് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ വെടിവച്ചത്. രണ്ട് വെടിയുണ്ടകള്‍ അവരുടെ നെഞ്ചിലും മറ്റൊന്ന് പിന്‍വശത്തും കൊണ്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.ഒരു വര്‍ഷം കൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘം കേസിലെ 17 പ്രതികളെയും പിടികൂടി. എന്നാല്‍ കൊലപാതകം നടന്ന് ഏഴ് വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ വിചാരണ അവസാനിച്ചിട്ടില്ല.

കൊലപാതകം നടന്ന സ്ഥലത്തു നിന്നു കിട്ടിയ ബുള്ളറ്റ് കെയ്‌സാണ് അന്വഷണത്തില്‍ വഴി തിരിവായത്. ബുള്ളറ്റ് കെയ്‌സിന്റെ ഫോറന്‍സിക് പരിശോധനയില്‍ 2015 ല്‍ കൊല്ലപ്പെട്ട പുരോഗമന സാഹിത്യക്കാരന്‍ എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലേക്കാണ്എത്തിച്ചത്. ഗൗരി ലങ്കേഷിന്റെയും കലഭുര്‍ഗിയുടേയും നെഞ്ച് തുളച്ചു കേറിയത് സമാനമായ തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകളായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന സനസ്തയുടെ പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. മതത്തെ സംരക്ഷിക്കാനായിരുന്നു കൊല നടത്തിയെതന്നാണ് ഗൗരിക്ക് നേരെ വെടി വെച്ച പരശു റാം വാക്കമൂര്‍ പറഞ്ഞത്.






Next Story

RELATED STORIES

Share it