India

പരീക്കറിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് പനാജിയില്‍

പനാജിയിലെ വസതിയിലാണ് ഇപ്പോള്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത്. 9.30 ഓടെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചശേഷമായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

പരീക്കറിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് പനാജിയില്‍
X

പനാജി: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീക്കറുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് വൈകീട്ട് പനാജിയില്‍ നടക്കും. പനാജിയിലെ വസതിയിലാണ് ഇപ്പോള്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത്. 9.30 ഓടെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചശേഷമായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. പൊതുജനങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ഗോവ സര്‍ക്കാര്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയില്‍ പ്രത്യേക അനുശോചനയോഗം ചേര്‍ന്നശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും. 3.30 ഓടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി നാലുമണിയോടെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കാനാണ് തീരുമാനം. രാജ്യമെങ്ങും ദു:ഖാചരണത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറെ നാളായി അര്‍ബുദബാധിതനായിരുന്ന മനോഹര്‍ പരീക്കര്‍ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്. മൂന്നുവട്ടം ഗോവ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ മോദി മന്ത്രിസഭയില്‍ മൂന്നുവര്‍ഷം പ്രതിരോധമന്ത്രിയുമായിരുന്നു. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു പരീക്കര്‍. മനോഹര്‍ ഗോപാലകൃഷ്ണ പ്രഭു പരീക്കര്‍ എന്ന മനോഹര്‍ പരീക്കര്‍ 1955 ഡിസംബര്‍ 13ന് ഗോവയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്.

കുട്ടിക്കാലത്തുതന്നെ അദ്ദേഹം ആര്‍എസ്എസ്സില്‍ ആകൃഷ്ടനായി. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാവുംമുമ്പ് തന്നെ പരീക്കര്‍ ആര്‍എസ്എസ്സിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസവും സംഘബന്ധവും ഒരുപോലെ കൊണ്ടുപോയ മനോഹര്‍ പരീക്കര്‍ പിന്നീട് ബോംബെ ഐഐടിയില്‍നിന്ന് മെറ്റലര്‍ജിക്കില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. ഉന്നതപഠനത്തിന് ശേഷം പരീക്കര്‍ സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it