India

'രോഹിത് വെമൂല ആവര്‍ത്തിക്കുന്നു'; ഫാത്തിമയുടെ മരണത്തില്‍ പ്രതികരിച്ച് മാര്‍കണ്ഡേയ കട്ജു

തനിക്ക് ലഭിച്ച ഒരു കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കട്ജു, ഫാത്തിമ മരിക്കുന്നതിനു മുമ്പ് ഫോണിലെഴുതിയ കുറിപ്പിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

രോഹിത് വെമൂല ആവര്‍ത്തിക്കുന്നു; ഫാത്തിമയുടെ മരണത്തില്‍ പ്രതികരിച്ച് മാര്‍കണ്ഡേയ കട്ജു
X

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പ്രതികരണവുമായി സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍കണ്ഡേയ കട്ജു. 'രോഹിത് വെമൂല ആവര്‍ത്തിക്കുന്നു' എന്നായിരുന്നു വിഷയത്തില്‍ കട്ജുവിന്റെ പ്രതികരണം. തനിക്ക് ലഭിച്ച ഒരു കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കട്ജു, ഫാത്തിമ മരിക്കുന്നതിനു മുമ്പ് ഫോണിലെഴുതിയ കുറിപ്പിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥിയായിനുന്ന രോഹിത് വെമുല 2016 ജനുവരിയിലാണു ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്.

ദലിത് വിദ്യാര്‍ഥിയായ താന്‍ അധികൃതരുടെ പീഡനത്തിന്റെ ഇരയാണെന്നു ജീവനൊടുക്കുന്നതിന് ഏതാനും ദിവസം മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ രോഹിത് വെമൂല വെളിപ്പെടുത്തിയിരുന്നു. ഇത് ഓര്‍മപ്പെടുത്തിയായിരുന്നു കട്ജുവിന്റെ പ്രതികരണം. അധ്യാപകരുടെ മാനസികപീഡനത്തെത്തുടര്‍ന്ന് ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവം ദേശീയതലത്തില്‍തന്നെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. നിരവധി പേരാണ് കുറ്റക്കാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാംദിവസവും ഐഐടി കാംപസിനു മുന്നില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണമാവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ഫാത്തിമ ലത്തീഫ് കഴിഞ്ഞദിവസമാണ് മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണു തന്റെ മരണത്തിനു കാരണമെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it