India

ഫാത്തിമ ലത്തീഫിന്റെ മരണം: സിബിഐ അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ

അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ഡിജിപിയും ചെന്നൈ പോലിസ് കമ്മീഷണറും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.

ഫാത്തിമ ലത്തീഫിന്റെ മരണം: സിബിഐ അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ
X

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ. ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ അതൃപ്തി വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി, കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറാമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 2006 മുതല്‍ മദ്രാസ് ഐഐടിയില്‍ നടന്ന 14 മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ലോക് താന്ത്രിക് കേരള ഘടകം നേതാവ് സലിം മടവൂര്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി പരിഗണിച്ചായിരുന്നു ഇത്. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ഡിജിപിയും ചെന്നൈ പോലിസ് കമ്മീഷണറും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.

കൂടാതെ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കേസ് സിബിഐയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതൊക്കെ കണക്കിലെടുത്താണ് സിബിഐ അന്വേഷണകാര്യത്തില്‍ നടപടിയുണ്ടായിരിക്കുന്നത്. ഫാത്തിമയുടേത് ആത്മഹത്യതന്നെയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. എന്നാല്‍, മരണത്തില്‍ സഹപാഠികളുടെ പങ്കും പരിശോധിക്കണമെന്ന് ഫാത്തിമയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സെമസ്റ്റര്‍ അവധിയായതിനാല്‍ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥികളെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട് അടുത്തമാസം സമര്‍പ്പിക്കാനിരിക്കെയാണ് കേസ് സിബിഐക്ക് കൈമാറാനൊരുങ്ങുന്നത്. ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ന്യൂഡല്‍ഹിയില്‍ സന്ദര്‍ശിച്ച് കേസില്‍ ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it