India

കശ്മീര്‍ തെരുവില്‍ സ്വതന്ത്രനായി നടക്കാന്‍ മസ്‌റത്ത് ആലമിന് ഇനി എത്ര വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും ?

തടങ്കലുകളുടെ കാലാവധി അവസാനിക്കുമ്പോള്‍ മുറപോലെ പുതിയ കുറ്റങ്ങളുമായി പോലിസ് വന്നുകൊണ്ടേയിരുന്നു. വീണ്ടും വീണ്ടും അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിച്ചുകൊണ്ടേയിരുന്നു. പോലിസ് ആരോപണങ്ങള്‍ക്കിരയായി അദ്ദേഹത്തിന്റെ 37ാമത് തടങ്കല്‍ ജീവിതമാണ് ഇന്നു ആലം അനുഭവിക്കുന്നത്.

കശ്മീര്‍ തെരുവില്‍ സ്വതന്ത്രനായി   നടക്കാന്‍ മസ്‌റത്ത് ആലമിന് ഇനി എത്ര വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും ?
X

ശ്രീനഗര്‍: 1990ലെ ഒരു പകലിലാണ് 19 കാരനായ മസ്‌റത്ത് ആലം ഭട്ടിനെ കുറ്റം എന്തെന്ന് വ്യക്തമാക്കാതെ പോലിസ് ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. കുറ്റക്യത്യങ്ങളില്‍ ഏര്‍പ്പെടാതെ കരുതല്‍ തടങ്കലില്‍ ജീവിതം ഹോമിക്കപ്പെടുകയായിരുന്നു പിന്നീടങ്ങോട്ട് ആലമിന്റെ 23 വര്‍ഷം. കശ്മീര്‍ താഴ്‌വാരത്തെ ഏതൊരു ചെറുപ്പക്കാരനെയും പോലെയും തന്റെ രാഷ്ട്രീയസ്വത്വത്തെ പിന്നീടങ്ങോട്ട് ആലം മുറുകെ പിടിച്ചു. അറസ്റ്റിന്റെ കാരണങ്ങള്‍ വിശദീകരിക്കാതെ പോലിസും ഭരണകൂടവും അദ്ദേഹത്തിന്റെ യൗവ്വനസുരഭിലമായ സുദിനങ്ങള്‍ തുടര്‍ന്നങ്ങോട്ട് കാരാഗ്രഹത്തിലടച്ചു. കുറ്റങ്ങളില്‍ ഏര്‍പ്പെടാത്ത മസ്‌റത്ത് ആലമിനെ കരുതല്‍ തടങ്കലെന്ന പോലിസ് ആയുധമുപയോഗിച്ചാണ് ജയിലുകളില്‍ ഇത്രയും നാള്‍ പാര്‍പ്പിച്ചത്. ആറുമാസം മുതല്‍ ഒരു വര്ഷം വരെ കാരണങ്ങള്‍ കാണിക്കാതെ വിചാരണ നടത്താതെ ഭീകരമായ മനുഷ്യാവകാശ ധ്വംസനം നടത്തുകയും ചെയ്തു പോലിസ്.

തടങ്കലുകളുടെ കാലാവധി അവസാനിക്കുമ്പോള്‍ മുറപോലെ പുതിയ കുറ്റങ്ങളുമായി പോലിസ് വന്നുകൊണ്ടേയിരുന്നു. വീണ്ടും വീണ്ടും അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിച്ചുകൊണ്ടേയിരുന്നു. പോലിസ് ആരോപണങ്ങള്‍ക്കിരയായി അദ്ദേഹത്തിന്റെ 37ാമത് തടങ്കല്‍ ജീവിതമാണ് ഇന്നു ആലം അനുഭവിക്കുന്നത്. തടങ്കല്‍ തുടരുന്നതിന് ഇക്കാലമത്രയും പോലിസ് നല്‍കിയ കുറ്റക്യത്യങ്ങള്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല, ചിലപ്പോഴൊക്കെ പരസ്പര വിരുദ്ധവുമായിരുന്നു അവകള്‍. അതിലൊന്നിതാണ്. 2003ല്‍ ഹുറിയത്ത് കോണ്‍ഫറന്‍സിനെ പിളര്‍ക്കാന്‍ ശ്രമിച്ചു എന്നതിനാണ് അദ്ദേഹത്തെ പിടികൂടി തടങ്കലില്‍ പാര്‍പ്പിച്ചതെങ്കില്‍ 2008ലെ അറസ്റ്റ് ഹുറിയത്ത് ഏകീകരണത്തിന് ശ്രമിച്ചുവെന്നാണ്. ആലമിനെതിരേ കുറ്റങ്ങള്‍ ചുമത്താന്‍ പോലിസിന്റെ നിരന്തര ശ്രമങ്ങള്‍ ഉണ്ടായിരുന്നു.അതിനായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതുമുതല്‍ രാജ്യദ്രോഹം വരെയുള്ള കേസുകള്‍ പോലിസ് മെനഞ്ഞെടുത്തു. അതിശയകരമായ സംഭവം ഇത്തരം ഒരു കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല എന്നതാണ്. ആരോപണമായി തുടങ്ങി ആരോപണമായി അവ അവസാനിച്ചു.

2015ല്‍ ആലമിനെ സ്വതന്ത്രമാക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ ദേശീയ ആക്ഷേപമെന്നാണ് പാര്‍ലമെന്റില്‍ പ്രധാനമന്ദ്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം ആലമിനെ കശ്മീര്‍ താഴ്‌വരയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പാക് അനുകൂല മുദ്രാവാക്യമുയര്‍ത്തിയെന്നതിന് പോലിസ് അറസ്റ്റ് ചെയ്തു. ജയിലിലടച്ചു. കശ്മീര്‍ താഴ്‌വാരയിലെ ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങള്‍ അനിശ്ചിതത്ത്വത്തിലാക്കാനായി ഭരണകൂടം എങ്ങനെ ജനവിരുദ്ധ നിയമങ്ങളും തികഞ്ഞ സൈനിക അധിനിവേശവും ഉപയോഗിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മസ്‌റത്ത് ആലം. അവ്യക്തമായ, ദുര്‍ബല ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണകൂടാതെ ഇന്ത്യന്‍ പൗരന്‍മാരെ എവിധം ജയിലിലടക്കാമെന്നതിലേക്കും ആലമിന്റെ ജീവിതം വിരല്‍ ചൂണ്ടുന്നു.




Next Story

RELATED STORIES

Share it