India

രണ്ടില ചിഹ്‌നം തര്‍ക്കം: പി ജെ ജോസഫിന്റെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

രണ്ടില ചിഹ്‌നം തര്‍ക്കം: പി ജെ ജോസഫിന്റെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
X

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസി (എം) ലെ രണ്ടില ചിഹ്‌നം തര്‍ക്കവുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

അതേസമയം, ജോസഫ് വിഭാഗത്തിന്റെ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സുപ്രിംകോടതിയില്‍ തടസ്സഹരജിയും ഫയല്‍ ചെയ്തിട്ടുണ്ട്. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസാണ് ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ഇടക്കാല ആവശ്യമെന്ന നിലയില്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഹരജിയില്‍ സുപ്രിംകോടതിയില്‍നിന്ന് അനുകൂലവിധി നേടിയെടുക്കാനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം.

ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്താല്‍ ജോസ് കെ മാണി വിഭാഗത്തിലെ സ്ഥാനാര്‍ഥികള്‍ രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കുന്നത് തടയാന്‍ കഴിയുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. രണ്ടില ചിഹ്നം സംബന്ധിച്ച് ജോസ് വിഭാഗത്തിന് അനുകൂലമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സിംഗിള്‍ ബെഞ്ചാണ് ആദ്യം ശരിവച്ചത്. ഇതിനെതിരേ പി ജെ ജോസഫ് വിഭാഗത്തിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it