India

സെയില്‍സ് ടാക്‌സ് ഏജന്റിനെ തട്ടിക്കൊണ്ടുപോയി ഒന്നര ലക്ഷം രൂപ തട്ടി; രണ്ടു പോലിസുകാര്‍ അറസ്റ്റില്‍

ഷഹ്ദാര ജില്ലയില്‍ ജിടിബി എന്‍ക്ലേവില്‍ നിന്ന് മൂന്നു പോലിസുകാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ശേഷം പണം നല്‍കിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് കേസ്.

സെയില്‍സ് ടാക്‌സ് ഏജന്റിനെ തട്ടിക്കൊണ്ടുപോയി ഒന്നര ലക്ഷം രൂപ തട്ടി; രണ്ടു പോലിസുകാര്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: സെയില്‍സ് ടാക്‌സ് ഏജന്റിനെ തട്ടിക്കൊണ്ടുപോയി ഒന്നര ലക്ഷം രൂപ കൈക്കലാക്കിയ കേസില്‍ ഡല്‍ഹിയില്‍ രണ്ടു പോലിസുദ്യോഗസ്ഥര്‍ അറസ്റ്റില്‍. സീമാപുരി പോലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സന്ദീപ്, റോബിന്‍ എന്നിവരാണ് അറസ്റ്റിലായത്. വാഹിദ് എന്നയാളും കേസിലെ മറ്റൊരു പ്രതിയാണ്. അമിത് എന്ന മറ്റൊരു പോലിസുകാരനു വേണ്ടിയും പ്രദേശത്തെ സ്ഥിരം കുറ്റവാളിയായ അണ്ണ എന്ന ഗൗരവിനായും തിരച്ചില്‍ തുടരുകയാണ്.

ഷഹ്ദാര ജില്ലയില്‍ ജിടിബി എന്‍ക്ലേവില്‍ നിന്ന് മൂന്നു പോലിസുകാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ശേഷം പണം നല്‍കിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് കേസ്. പോലിസുകാര്‍ മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. ജിടിബി എന്‍ക്ലേവില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ആദായ നികുതി വിഭാഗത്തിലെ സെയില്‍സ് ടാക്‌സ് ഏജന്റാണ് പരാതിക്കാരന്‍. ഒക്ടോബര്‍ 11-ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. ഫ്‌ളൈ ഓവര്‍ കടക്കുമ്പോള്‍ വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തിയ ശേഷം മര്‍ദ്ദിക്കുകയും കാറില്‍ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവർ എത്തിയത്. പോലിസുകാരില്‍ ഒരാള്‍ തോക്കുചൂണ്ടി കീശയിലുണ്ടായിരുന്ന 35,000 രൂപ കൈക്കലാക്കി. തുടര്‍ന്ന് വിട്ടയക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. ഷഹ്ദാര ജില്ലയിലെ സ്‌പെഷ്യല്‍ സ്റ്റാഫ് ഓഫീസിലെത്തിച്ച ശേഷം ഇയാളെ തിരിച്ചുകാറില്‍ കയറ്റി വാതിലടച്ചു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്‌ക്കെന്ന പേരില്‍ ജിടിബി ആശുപത്രയില്‍ എത്തിച്ചു. അവിടെവെച്ചും പോലിസുകാര്‍ ഇയാളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടിലെത്തിച്ച് അവിടെ വെച്ച് 50,000 രൂപ വാങ്ങി. 70,000 രൂപ സുഹൃത്തിനോട് കടം വാങ്ങി ഗൗരവ് എന്നയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി.

6-ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിളായ അമിത് ആണ് സംഭവത്തിന്റെ സൂത്രധാരന്‍ എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. വാഹിദിന്റെ കാറാണ് തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ ഒരു എസ്ഐ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.

Next Story

RELATED STORIES

Share it