India

എട്ടു മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ 'പെണ്‍കെണി'യില്‍; സംഘം പ്രവര്‍ത്തിച്ചത് ബിജെപി എംഎല്‍എയുടെ കെട്ടിടത്തില്‍

ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കം ഉള്‍പ്പെട്ട കേസില്‍ പൊലിസ് ഇതുവരെ ആറ് സ്ത്രീകളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് സംഘത്തെയാണ് വലയിലാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖരുടെ 4000ത്തോളം അശ്ലീല വീഡിയോകളും ഫോട്ടോകളും സ്‌ക്രീന്‍ ഷോട്ടുകളും ഫോണ്‍കോള്‍ റെക്കോഡുകളുമാണ് പിടിച്ചെടുത്തത്.

എട്ടു മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ പെണ്‍കെണിയില്‍; സംഘം പ്രവര്‍ത്തിച്ചത് ബിജെപി എംഎല്‍എയുടെ കെട്ടിടത്തില്‍
X

ഭോപ്പാല്‍: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പ് സംഘം വലയിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മധ്യപ്രദേശിലെ ഹണി ട്രാപ്പ് തട്ടിപ്പ് കേസില്‍ എട്ടു മുന്‍ മന്ത്രിമാര്‍ അടക്കം തട്ടിപ്പിന് ഇരയതായി അന്വേഷണം സംഘം. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കം ഉള്‍പ്പെട്ട കേസില്‍ പൊലിസ് ഇതുവരെ ആറ് സ്ത്രീകളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് സംഘത്തെയാണ് വലയിലാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖരുടെ 4000ത്തോളം അശ്ലീല വീഡിയോകളും ഫോട്ടോകളും സ്‌ക്രീന്‍ ഷോട്ടുകളും ഫോണ്‍കോള്‍ റെക്കോഡുകളുമാണ് പിടിച്ചെടുത്തത്.

മധ്യപ്രദേശിലെ ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം എട്ട് മുന്‍ മന്ത്രിമാര്‍ വരെ ഹണിട്രാപ്പില്‍ ഉള്‍പ്പെട്ടതായാണ് വിവരം. സംസ്ഥാനത്തെ 13 ഉന്നത ഉദ്യോഗസ്ഥരെ സംഘം കെണിയില്‍ പെടുത്തി പണം തട്ടിയെന്ന വിവരം പ്രത്യേക അന്വേഷണ സംഘം നേരത്തേ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് രാഷ്ട്രീയ നേതാക്കളും ഇരയായെന്ന വിവരം പുറത്തു വരുന്നത്.

കേസില്‍ പിടിയിലായ ആരതി ദയാല്‍(29), മോണിക്കാ യാദവ്(18), ശ്വേതാ വിജയ് ജയിന്‍(39), ശ്വേതാ സ്വപിനില്‍ ജയിന്‍(48), ബര്‍ക്ക സോണി(34), ഓംപ്രകാശ് കോരി(45) 4000 ത്തിലധികം അശ്ലീല ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഹോട്ടല്‍ മുറികളില്‍ നിന്ന് ഒളിക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയ ഫോട്ടോകളും ലൈംഗിക ചുവയോടെയുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഇതിലുണ്ട്. ഇവ ഫോറന്‍സിക്ക് പരിശോധനക്കായി അയച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.

മധ്യപ്രദേശ്, ചത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വന്‍സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. ഇവരുടെ ഫോണുകളിലും വീഡിയോകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഉന്നതരെ വലയിലാക്കാനുള്ള പെണ്‍കുട്ടികളില്‍ ചിലരെ സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് സംഘത്തിന്റെ ഭാഗമാക്കിയത്.

അറസ്റ്റിലായ ബര്‍ക്കാ സോണി കോണ്‍ഗ്രസിന്റെ മുന്‍ ഐടി സെല്‍ ഭാരവാഹി അമിത് സോണിയുടെ ഭാര്യയാണ്. മറ്റൊരു പ്രതിയായ ശ്വേതാ ജെയിന്‍ തന്റെ പെണ്‍വാണിഭ സംഘം നടത്തിയിരുന്നത് ബിജെപി എംഎല്‍എ ബിജേന്ദ്ര പ്രതാപി സിങ്ങ് നല്‍കിയ വാടകകെട്ടിടത്തിലാണ്. സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. കോളജ് വിദ്യാര്‍ത്ഥികളെയും ലൈംഗിക തൊഴിലാളികളെയും ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

വന്‍തുകയും ആര്‍ഭാട ജീവിതവുമാണ് ഇവര്‍ സംഘത്തിലെ സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത്. പ്രതികളായ ശ്വേതാ ജെയിനും ബര്‍ക്കാ സോണിക്കും സംസ്ഥാനത്തിന് അകത്തും പുറത്തു ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ മറാത്താവാഡയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവുമായി ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നു. എന്നാല്‍, നേതാവിന്റെ പേര് പൊലിസ് പുറത്തുവിട്ടില്ല. കേസില്‍ പെട്ട ഉന്നതരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അന്വേഷണസംഘത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്‍ഡോര്‍ മുനിസിപ്പില്‍ കോര്‍പറേഷനിലെ എന്‍ജിനീയറായ ഹര്‍ഭജന്‍ സിങ്ങ് എന്ന വ്യക്തിയെ പെണ്‍കെണിയില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

ഇയാളില്‍ നിന്ന് 3 കോടി തട്ടാന്‍ ഹണിട്രാപ്പ് സംഘം ശ്രമിച്ചു എന്നായിരുന്നു പൊലീസില്‍ നല്‍കിയ പരാതി. ഈ പരാതി അന്വേഷിച്ചപ്പോഴാണ് മധ്യപ്രദേശിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തെ തന്നെ പിടിച്ചുകുലുക്കുന്ന നിര്‍ണായ വിവരങ്ങള്‍ പുറത്തുവന്നത്.

അതേ സമയം, സംഘത്തിലെ പ്രധാന കണ്ണി ബിജെപി വനിതാ നേതാവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്രംഗത്തെത്തി. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ സെക്രട്ടേറിയറ്റില്‍ പതിവ് സന്ദര്‍ശകരായിരുന്നു. ഭോപ്പാലിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം ഇവര്‍ക്ക് സഹായമായി. കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ സംഘത്തിലെ പ്രധാനിയായ ഇവര്‍ ബിജെപിയുടെ പ്രചാരകയായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇരിക്കുന്ന സംഘത്തിലെ പ്രധാനിയുടെ ചിത്രം കോണ്‍ഗ്രസ് പുറത്തുവിട്ടു. യുവമോര്‍ച്ചയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ദിഗ് വിജയ് സിംഗ് ആരോപിച്ചു. ഇവര്‍ക്ക് ബംഗ്ലാവ് വാങ്ങി നല്‍കിയതും മുന്‍ മുഖ്യമന്ത്രിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി എംഎല്‍എമാരായ ദിലീപ് സിംഗ് പരിവാര്‍, ബിജേന്ദ്ര പ്രതാപ് സിങ് എന്നിവരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.

Next Story

RELATED STORIES

Share it