India

മണിപ്പൂര്‍; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പോലിസ് തടഞ്ഞു

പ്രധാനമന്ത്രി വിഷയത്തില്‍ മൗനം തുടരുന്ന സാഹചര്യത്തില്‍ രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മണിപ്പൂര്‍; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പോലിസ് തടഞ്ഞു
X

ഇംഫാല്‍: കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മണിപ്പൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പോലീസ് തടഞ്ഞു. ഇംഫാല്‍ വിമാനത്താവളത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ബിഷ്ണുപുരില്‍വെച്ച് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചാണ് രാഹുലിന്റെ വാഹനവ്യൂഹത്തെ പോലീസ് തടഞ്ഞത്. മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണെന്നും പലയിടത്തും ഇരുവിഭാഗങ്ങളിലേയും ആളുകള്‍ ആയുധങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ടെന്നുമാണ് പോലീസ് രാഹുലിനെ അറിയിച്ചത്.വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇംഫാലില്‍ രാഹുല്‍ വിമാനമിറങ്ങിയത്. യാത്ര തുടരുന്നതിലെ സുരക്ഷാ പ്രശ്നങ്ങള്‍ അപ്പോള്‍ തന്നെ പോലീസ് രാഹുലിനെ അറിയിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനം തുടരുമെന്ന് വ്യക്തമാക്കി രാഹുല്‍ മുന്നോട്ടുനീങ്ങുകയായിരുന്നു. ഇതിനിടെയാണ് ബിഷ്ണുപുരില്‍വെച്ച് പോലീസ് രാഹുലിനെ തടഞ്ഞത്. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുലിനൊപ്പമുണ്ട്.


രാഹുലിനെ അഭിവാദ്യം ചെയ്യാനായി റോഡിന്റെ ഇരുവശങ്ങളിലും ജനം കൂടി നില്‍ക്കുകയാണെന്നും എന്തുകൊണ്ടാണ് യാത്ര തടഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. രാഹുലിനെ തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസും കോണ്‍ഗ്രസ് നേതാക്കളുമായി വാക്കുതര്‍ക്കമുണ്ടായി. രാഹുലി്ന് വഴിയൊരുക്കാനെത്തിയ നൂറുകണക്കിന് സ്ത്രീകള്‍ പോലീസുമായി ഏറ്റുമുട്ടി. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. അതിനിടെ രാഹുലിന് ഹെലികോപ്റ്ററില്‍ ചുരാചന്ദ്പുരിലേക്ക് പോകാനുള്ള അനുമതി പോലീസ് നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ബിഷ്ണുപുരില്‍നിന്ന് ഇംഫാല്‍ വിമാനത്താവളത്തിലേക്കെത്തി ഹെലികോപ്റ്ററില്‍ യാത്ര തുടരുമെന്നാണ് വിവരം. അക്രമ ബാധിതരായ കുക്കി വിഭാഗത്തെ പാര്‍പ്പിച്ചിരിക്കുന്ന ക്യാപുകളാണ് രാഹുല്‍ ആദ്യം സന്ദര്‍ശിക്കുക. തുടര്‍ന്ന് മെയ്തി വിഭാഗത്തിലുള്ളവരേയും സന്ദര്‍ശിക്കും.

മണിപ്പൂരില്‍ കലാപം തുടര്‍ന്നിട്ടും പ്രധാനമന്ത്രി വിഷയത്തില്‍ മൗനം തുടരുന്ന സാഹചര്യത്തില്‍ രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതിനിടെ രാഹുല്‍ സമാധാനത്തിന്റെ മിശിഹയല്ലെന്നും രാഷ്ട്രീയ അജണ്ടയുമായാണ് മണിപ്പൂരിലെത്തിയതെന്നും ബിജെപി വിമര്‍ശിച്ചു.






Next Story

RELATED STORIES

Share it