India

മണിപ്പൂര്‍; വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

അതേസമയം മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് ബാഹ്യ ഘടകങ്ങള്‍ക്ക് പങ്കുണ്ടെന്ന്

മണിപ്പൂര്‍; വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
X

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ശക്തമാകുന്നു. ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഗ്രാമത്തിന് കാവല്‍ നിന്നിരുന്ന മെയ്‌തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. അജ്ഞാതരായ തോക്കുധാരികളുമായുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഖോയ്ജുമന്തബി ഗ്രാമത്തില്‍ 'ഗ്രാമ സന്നദ്ധപ്രവര്‍ത്തകര്‍' ഒരു താല്‍ക്കാലിക ബങ്കറില്‍ കാവല്‍ നില്‍ക്കുന്ന സമയത്താണ് സംഭവം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇംഫാല്‍ വെസ്റ്റിലും വെടിവയ്പ് തുടരുന്നു.തെക്കു കിഴക്കന്‍ സംസ്ഥാനത്ത് മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ ഇതുവരെ നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം.

അതേസമയം മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് ബാഹ്യ ഘടകങ്ങള്‍ക്ക് പങ്കുണ്ടെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ബിരേന്‍ സിംഗ് പറഞ്ഞു.

മെയ് മൂന്നിന് മലയോര ജില്ലകളില്‍ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്. റാലിയില്‍ കുക്കി സമുദായത്തില്‍ നിന്നുള്ളവരാണ് കൂടുതലായും പങ്കെടുത്തത്. ഏപ്രില്‍ 19-ലെ മണിപ്പൂര്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മെയ്‌തേയ് സമുദായത്തെ എസ്ടിവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷം വന്‍ കലാപത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തെയ് ഇംഫാല്‍ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. അതേസമയം ജനസംഖ്യയുടെ 40 ശതമാനമായ ഗോത്രവര്‍ഗ്ഗക്കാര്‍, നാഗകള്‍, കുക്കികള്‍ മലയോര ജില്ലകളില്‍ താമസിക്കുന്നു.






Next Story

RELATED STORIES

Share it