India

മനുസ്മൃതി ഉള്‍പ്പെടുത്തില്ല'; ഡിപ്പാര്‍ട്മെന്റ് നിര്‍ദേശം തള്ളി ഡല്‍ഹി യൂണിവേഴ്സിറ്റി വിസി

പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധത്തിന് പിന്നാലെയാണ് നിര്‍ദേശം തള്ളിയതായി വിസി പ്രഖ്യാപിച്ചത്.

മനുസ്മൃതി ഉള്‍പ്പെടുത്തില്ല; ഡിപ്പാര്‍ട്മെന്റ് നിര്‍ദേശം തള്ളി ഡല്‍ഹി യൂണിവേഴ്സിറ്റി വിസി
X

ന്യൂഡല്‍ഹി: മനുസ്മൃതി എല്‍എല്‍ബി സിലബസില്‍ ഉള്‍പ്പെടുത്താനുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി ലോ ഫാക്കല്‍റ്റിയുടെ നിര്‍ദേശം തള്ളി യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്‌ലര്‍ യോഗേഷ് സിങ്. അധ്യാപക സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധത്തിന് പിന്നാലെയാണ് നിര്‍ദേശം തള്ളിയതായി വിസി പ്രഖ്യാപിച്ചത്.

'ഇന്ന് സര്‍വകലാശാലയുടെ ചില കോഴ്‌സുകളില്‍ മാറ്റങ്ങള്‍ക്കായി ഒരു നിര്‍ദേശം ഫാക്കല്‍റ്റി ഓഫ് ലോയില്‍ നിന്ന് ലഭിച്ചു. നിര്‍ദേശിച്ച രണ്ട് പാഠങ്ങളും ഭേദഗതിയും സര്‍വകലാശാല നിരസിച്ചു, അവ പഠിപ്പിക്കില്ല' എന്നായിരുന്നു വിസിയുടെ പ്രതികരണം.

ഭേദഗതി നിര്‍ദേശങ്ങള്‍ രാഷ്ട്രീയ പ്രേരിതവും അനാവശ്യവുമാണെന്ന് ലോ ഫാക്കല്‍റ്റിയിലെ അധ്യാപകര്‍ തന്നെ പ്രതികരിച്ചിരുന്നു. 'ഇന്ത്യയില്‍ ആധുനിക നീതിന്യായ വ്യവസ്ഥയെ ആശ്രയിക്കുകയും ഒരു പൊതു നിയമ വ്യവസ്ഥ പിന്തുടരുകയും ചെയ്യുന്നു. ഈ പുരാതന ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ പഠിക്കുന്നതില്‍ അര്‍ഥമില്ല, ഇതുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രയോജനവുമില്ല' എന്നായിരുന്നു ഫാക്കല്‍റ്റിയിലെ പ്രൊഫസര്‍മാരില്‍ ഒരാളുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ എല്‍എല്‍ബി കോഴ്സില്‍ മനുസ്മൃതി ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം പുറത്തുവന്നത്. എല്‍എല്‍ബി കോഴ്‌സിലെ ആദ്യ സെമസ്റ്ററില്‍ യൂണിറ്റ് 5 അനലിറ്റിക്കല്‍ പോസിറ്റിവിസം എന്ന ഭാഗത്തിലാണ് അധികവായനയ്ക്കായി ജിഎന്‍ ഝായുടെ 'മനുസ്മൃതി വിത്ത് ദ മനുഭാഷ്യ ഓഫ് മേധാതിഥി' എന്ന പുസ്തകം നിര്‍ദേശിച്ചത്.

ഇതിന് പിന്നാലെ പ്രതിഷേധവുമായി അധ്യാപക സംഘടനയായ സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും എത്തിയിരുന്നു. നിയമപഠനത്തില്‍ ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ പഠനത്തില്‍ അവതരിപ്പിക്കുന്നതിനാണ് മനുസ്മൃതി സിലബസിലേക്ക് ശിപാര്‍ശ ചെയ്തതെന്നായിരുന്നു ഡല്‍ഹി യൂണിവേഴ്‌സിറ്റി നിയമവിഭാഗത്തിലെ ഡീന്‍ പ്രൊഫസര്‍ അഞ്ജു വാലി ടിക്കു പറഞ്ഞത്.

ജൂലൈ 1 മുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ ക്രിമിനല്‍ നിയമസംഹിത കോഴ്‌സിന്റെ ഭാഗമാക്കുന്നതിന്റെ പ്രക്രിയയിലാണ് നിലവില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ലോ ഇന്ത്യന്‍ ശിക്ഷാ നിയമം, 1860, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (CrPC), ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയെക്കുറിച്ചുള്ള കോഴ്സുകള്‍ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയുടെ കോഴ്‌സുകള്‍ ആരംഭിക്കുന്നത്.






Next Story

RELATED STORIES

Share it