India

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍: നിയമനിര്‍മാണം ആവശ്യപ്പെട്ട് മുസ്‌ലിം വനിതകളുടെ പ്രകടന പത്രിക

ഗോരക്ഷാ കൊലപാതകങ്ങള്‍ക്കും ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കും എതിരായ 2018 ജൂലൈയിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് രാഷ്ട്രീയ കക്ഷികളോട് പ്രകടന പത്രികയില്‍ ആവശ്യപ്പെടുന്നു

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍: നിയമനിര്‍മാണം ആവശ്യപ്പെട്ട് മുസ്‌ലിം വനിതകളുടെ പ്രകടന പത്രിക
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ നിയമനിര്‍മാണം ആവശ്യപ്പെട്ട് മുസ്‌ലിം വനിതാ സംഘടനകള്‍ പ്രകടന പത്രിക അവതരിപ്പിച്ചു. മുസ്‌ലിം സ്ത്രീകളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന, 10 സംസ്ഥാനങ്ങളിലെ സംഘടനകളുടെ നേതൃത്വത്തിലാണ് പത്രിക അവതരിപ്പിച്ചത്. ഗോരക്ഷാ കൊലപാതകങ്ങള്‍ക്കും ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കും എതിരായ 2018 ജൂലൈയിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് രാഷ്ട്രീയ കക്ഷികളോട് പ്രകടന പത്രികയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് 39 ആവശ്യങ്ങളുന്നയിച്ചുള്ള പ്രകടന പത്രിക പുറത്തിറക്കിയത്. 2017ല്‍ ആള്‍വാറില്‍ സംഘപരിവാരത്തിന്റെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉമര്‍ഖാന്റെ പത്‌നി ഖാലിദ അടക്കമുള്ളവരാണ് 'ഭീതിയില്ലാത്തവരുടെ ശബ്ദം' എന്ന പേരിലുള്ള സംഘത്തിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തിനെത്തിയത്.

മാട്ടിറച്ചിയുടെ വില്‍പനക്കുമുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, പാര്‍ലമെന്റില്‍ 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുക, മുത്വലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്ന നിയമനിര്‍മാണം പിന്‍വലിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങളും പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്നു. മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അവസ്ഥ സംബന്ധിച്ച സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുക, മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍ എടുത്തുകളയുക, സ്്ത്രീകളുടെ ചേലാകര്‍മം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘം മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഉമര്‍ഖാന്റെ കൊലപാതകശേഷം താന്‍ നിരന്തര ഭീഷണികള്‍ക്കിടയിലാണ് ജീവിക്കുന്നതെന്ന് ഖാലിദ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹിന്ദുത്വ സംഘടനകളില്‍ നിന്നുള്ള ഭീഷണി കാരണം കോടതിയില്‍ വാദത്തിന് പോവുന്നത് പോലും പ്രയാസമായിരിക്കുകയാണ്. തന്റെ കുടുംബം സഞ്ചരിച്ച അവസ്ഥയിലൂടെ മറ്റാര്‍ക്കും പോവേണ്ട അവസ്ഥയുണ്ടാവരുത്. അതിനാലാണ് ആള്‍ക്കൂട്ട കൊലപാതകത്തിനെതിരായ നിയമനിര്‍മാണത്തിനായി രാഷ്ട്രീയ കക്ഷികളോട് ആവശ്യപ്പെടുന്നതെന്നും ഖാലിദ പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകളെ തന്ത്രപരമായി ഉപയോഗിച്ച് മുത്വലാഖിനെ ക്രിമിനല്‍ കുറ്റമാക്കുകയായിരുന്നെന്ന് സംഘത്തിലെ അംഗമായ ഹസീന ശെയ്ഖ് പറഞ്ഞു.

Next Story

RELATED STORIES

Share it