India

നിര്‍ഭയ കേസ്: വധശിക്ഷ സ്റ്റേ ചെയ്തതിനെതിരായ കേന്ദ്രത്തിന്റെ ഹരജിയില്‍ വിധി ഇന്ന്

ഉച്ചയ്ക്ക് 2.30ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. പ്രതികളെ ഒരുമിച്ചുതൂക്കിലേറ്റണമെന്ന നിയമം നിലനില്‍ക്കില്ലെന്നും ഒരിക്കല്‍ സുപ്രിംകോടതി തീര്‍പ്പുകല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസ്സമില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വാദം.

നിര്‍ഭയ കേസ്: വധശിക്ഷ സ്റ്റേ ചെയ്തതിനെതിരായ കേന്ദ്രത്തിന്റെ ഹരജിയില്‍ വിധി ഇന്ന്
X

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ കുറ്റവാളികളുടെ മരണവാറന്റ് സ്റ്റേ ചെയ്ത ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 2.30ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. പ്രതികളെ ഒരുമിച്ചുതൂക്കിലേറ്റണമെന്ന നിയമം നിലനില്‍ക്കില്ലെന്നും ഒരിക്കല്‍ സുപ്രിംകോടതി തീര്‍പ്പുകല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസ്സമില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വാദം. ദയാഹരജികള്‍ തള്ളിയവരെ തൂക്കിലേറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ഒരു കേസിലെ പ്രതികളെ വെവ്വേറെ ദിവസങ്ങളില്‍ തൂക്കിലേറ്റാനാവുമോ എന്ന് വ്യക്തമാക്കുന്നതാവും ഹൈക്കോടതി വിധി.

അടിയന്തരപ്രാധാന്യം കണക്കിലെടുത്താണ് അവധി ദിനമായ ഞായറാഴ്ച ഡല്‍ഹി ഹൈക്കോടതി പ്രത്യേകം ചേര്‍ന്ന് കേന്ദ്രത്തിന്റെ ഹരജി പരിഗണിച്ചിരുന്നത്. രാജ്യത്തെ നടുക്കിയ ക്രൂര കൃത്യത്തില്‍ പ്രതികളുടെ ശിക്ഷ നീട്ടിക്കൊണ്ടുപോവുന്നത് ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. ഒരു കേസിലെ പ്രതികളെ ഒന്നിച്ചുമാത്രമേ തൂക്കിലേറ്റാവൂ എന്ന വാദം ഇരകളുടെ മാനസികാവസ്ഥ പരിഗണിക്കാത്തതാണ്. കരുതിക്കൂട്ടി, കണക്കുകൂട്ടലകള്‍ നടത്തി നിയമത്തിന്റെ പഴുതുകളെ ദുരുപയോഗം ചെയ്ത് ശിക്ഷ പരമാവധി നീട്ടാനുള്ള ശ്രമമാണ് കുറ്റവാളികള്‍ നടത്തുന്നത്. ഇതുപോലെയുള്ള നരാധമന്‍മാര്‍ തെരുവിലിറങ്ങി നടക്കുന്നതുകൊണ്ട് പെണ്‍കുട്ടികളെ അമ്മമാര്‍ പുറത്തുവിടുന്നില്ലെന്നും തുഷാര്‍ മേത്ത വാദത്തിനിടെ ചൂണ്ടിക്കാട്ടി.

നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം പ്രതികള്‍ക്ക് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച പട്യാല കോടതി പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തത്. ജയില്‍ ചട്ടപ്രകാരം വെവ്വേറെ ശിക്ഷ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വധശിക്ഷ നടപ്പാക്കുന്നതിന് ഭരണഘടനയില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചതിലും പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കണമെന്നായിരുന്നു ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ ആദ്യ മരണവാറന്റ്. എന്നാല്‍, മരണവാറന്റ് പുറപ്പെടുവിച്ചശേഷം പ്രതികള്‍ വെവ്വേറെ ദയാഹരജിയുമായി രാഷ്ട്രപതിയെ സമീപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it