India

മണിപ്പൂരില്‍ രണ്ടല്ല, എട്ട് സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്തതായി റിപ്പോര്‍ട്ട്

എന്നാല്‍ വൈകിട്ടു വീണ്ടും ആക്രമിക്കപ്പെട്ടു.

മണിപ്പൂരില്‍ രണ്ടല്ല, എട്ട് സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്തതായി റിപ്പോര്‍ട്ട്
X

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ മാത്രമല്ല എട്ട് സ്ത്രീകളാണ് ബലാല്‍സംഗത്തിന് ഇരയായതെന്ന് പുതിയ റിപ്പോര്‍ട്ട്. ''എട്ടു സ്ത്രീകളെയാണ് അവര്‍ നഗ്‌നരാക്കി കൂട്ടബലാല്‍സംഗം ചെയ്തത്. എതിര്‍ക്കാന്‍ നോക്കിയ എന്റെ ഭര്‍തൃസഹോദരനെയും മകനെയും അടിച്ചുകൊന്നു''- കാങ്‌പോക്പി ജില്ലയിലെ ബിപൈന്യം ഗ്രാമത്തെ ചുട്ടെരിച്ച അക്രമികള്‍ക്കു മുന്നില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട നാല്‍പതുകാരി ചുരാചന്ദ്പുരിലെ അഭയാര്‍ഥി ക്യാംപില്‍വച്ച് ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച മണിപ്പുര്‍ വീഡിയോയില്‍ കാണുന്ന 2 വനിതകളില്‍ ഒരാള്‍ അന്നു ക്യാംപില്‍ കണ്ട സ്ത്രീയുടെ ബന്ധുവാണ്. കലാപം തുടങ്ങിയ മേയ് 3 നു വൈകിട്ട് കാങ്‌പോക്പിയിലെ കുക്കി ഗ്രാമമായ ബിപൈന്യം ജനക്കൂട്ടം ആക്രമിച്ചു തീയിട്ടിരുന്നു. ഗ്രാമവാസികള്‍ പല ദിക്കിലേക്കും ഓടിരക്ഷപ്പെട്ടു. തൊട്ടടുത്ത കാട്ടില്‍ അഭയം തേടിയവര്‍ പിറ്റേന്നു പുലര്‍ച്ചെ എല്ലാം കെട്ടടങ്ങിയെന്നു കരുതി തിരിച്ചെത്തി. എന്നാല്‍ വൈകിട്ടു വീണ്ടും ആക്രമിക്കപ്പെട്ടു.


''കാട്ടിലേക്കാണ് വീണ്ടും ഓടിയത്. ഭര്‍ത്താവിന്റെ ജ്യേഷ്ഠനും മകനും 8 സ്ത്രീകളും ഇതേ കാട്ടില്‍ മറ്റൊരിടത്ത് ഒളിച്ചിരുന്നെങ്കിലും മെയ്‌തെയ് വിഭാഗക്കാരുടെ കണ്ണില്‍പെട്ടു. സ്ത്രീകളെ മുഴുവന്‍ നഗ്‌നരാക്കി കൂട്ടബലാല്‍സംഗം ചെയ്തു. അരുതെന്ന് കരഞ്ഞുപറഞ്ഞ ഭര്‍തൃസഹോദരനെയും മകനെയും ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചു കൊന്നു''. ക്രൂരപീഡനം നേരിടുകയും അച്ഛന്റെയും സഹോദരന്റെയും കൊലപാതകം നേരില്‍ കാണുകയും ചെയ്ത യുവതി മാനസികനില തെറ്റിയ നിലയില്‍ ആശുപത്രിയിലായിരുന്നു.



യുദ്ധഭൂമിയില്‍ പോലും നടക്കാത്ത അതിക്രമങ്ങളാണ് മണിപ്പുരില്‍ നടന്നത്. കഴിഞ്ഞമാസം ബിഷ്ണുപുരില്‍ കുക്കി യുവാവിന്റെ തലവെട്ടിയെടുത്തു നടന്നത് എംഎല്‍എയുടെ പിആര്‍ഒയാണെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചിരുന്നു. വെട്ടിയെടുത്ത തലയുമായി അക്രമി നടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തലയ്ക്കു വെടിയേറ്റ 8 വയസ്സുകാരനുമായി ഇംഫാലിലേക്കു വിദഗ്ധ ചികിത്സയ്ക്കു പോയ മൂന്നംഗ കുടുംബത്തെ ആംബുലന്‍സിനു തീയിട്ടു ചുട്ടുകൊന്നതും സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. കുട്ടിയുടെ അമ്മ മെയ്‌തെയ് ക്രിസ്ത്യനാണെന്ന ധൈര്യത്തിലായിരുന്നു യാത്ര. എന്നാല്‍, അച്ഛന്‍ കുക്കി വിഭാഗക്കാരനായിരുന്നതിനാല്‍ ആക്രമിക്കപ്പെട്ടു.



ഇംഫാലില്‍ മനോദൗര്‍ബല്യമുള്ള കുക്കി വനിതയെ ഏതാനും ദിവസം മുന്‍പു വെടിവച്ചുകൊന്നിരുന്നു. കഴിഞ്ഞദിവസം നാഗാ വനിതയെയും വെടിവച്ചുകൊന്നു. തീവ്ര മെയ്‌തെയ് വിഭാഗക്കാരാണ് ഈ ആക്രമങ്ങള്‍ക്കെല്ലാം പിന്നില്‍.





Next Story

RELATED STORIES

Share it