India

ടിആര്‍പി റേറ്റിങ്ങിലെ കൃത്രിമം: പാര്‍ലമെന്ററി സമിതി ഇടപെട്ടു; പ്രസാദ് ഭാരതിയും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും ഹാജരാവണം

വിഷയത്തില്‍ വിശദീകരണം തേടുന്നതിനായി ഹാജരാവണമെന്ന് കാണിച്ച് പ്രസാദ് ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്സ് അസോസിയേഷനും സമിതി നോട്ടീസ് അയച്ചു. ഇക്കാര്യം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് എംപിയും പാനല്‍ അംഗവുമായ കാര്‍ത്തി ചിദംബരം തരൂരിനോട് അഭ്യര്‍ഥിച്ചിരുന്നു.

ടിആര്‍പി റേറ്റിങ്ങിലെ കൃത്രിമം: പാര്‍ലമെന്ററി സമിതി ഇടപെട്ടു; പ്രസാദ് ഭാരതിയും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും ഹാജരാവണം
X

ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുളള റിപബ്ലിക് ടിവി അടക്കമുള്ള ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സമിതിയുടെ ഇടപെടല്‍. ഈമാസം പതിനഞ്ചിന് നടക്കുന്ന യോഗത്തിലെ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയതായി ഐടി കാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപോര്‍ട്ട് ചെയ്തു. വിഷയത്തില്‍ വിശദീകരണം തേടുന്നതിനായി ഹാജരാവണമെന്ന് കാണിച്ച് പ്രസാദ് ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്സ് അസോസിയേഷനും സമിതി നോട്ടീസ് അയച്ചു. ഇക്കാര്യം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് എംപിയും പാനല്‍ അംഗവുമായ കാര്‍ത്തി ചിദംബരം തരൂരിനോട് അഭ്യര്‍ഥിച്ചിരുന്നു.

വിശദീകരണവും പരിഹാര നടപടികളും തേടുന്നതിന്റെ ഭാഗമായാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സമിതിയുടെ മുമ്പാകെ വിളിക്കുന്നത്. ടിആര്‍പിയില്‍ കൃത്രിമം കാണിച്ചുവെന്ന റിപോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്നും പാനല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ടെലിവിഷന്‍ ചാനലുകളുടെ ടിആര്‍പി റേറ്റിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങള്‍ സിസ്റ്റത്തിന്റെ നിയമസാധുതയെയും വിശ്വാസ്യതയെയും കുറിച്ച് സംശയം ജനിപ്പിക്കുന്നുവെന്ന് പാനല്‍ ചെയര്‍മാന്‍ തരൂരിന് അയച്ച കത്തില്‍ കാര്‍ത്തി ചി ചിദംബരം വ്യക്തമാക്കി. സര്‍ക്കാരിന്റെ പരസ്യച്ചെലവ് ടിആര്‍പി റേറ്റിങ് സംവിധാനത്തെ ആശ്രയിച്ചിരിക്കുന്നു.

പൊതുചെലവ് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കരുത്. തെറ്റായതും കൃത്രിമവുമായ ടിആര്‍പി റേറ്റിങ് പരസ്യചെലവുകളുടെ അടിസ്ഥാനമാവാന്‍ പാടില്ല. ടിവി കമ്പനികളുടെ മൂല്യനിര്‍ണയം ടിആര്‍പിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ആ മൂല്യനിര്‍ണയം ഇപ്പോള്‍ സംശയാസ്പദമാണ്. ഈ സാഹചര്യം കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. സ്റ്റാന്‍ഡിങ് കമ്മിറ്റി ഈ വിഷയം ഏറ്റെടുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. റിപബ്ലിക് ടിവി, ബോക്സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമത്വം കാണിച്ചുവെന്ന് മുംബൈ പോലിസാണ് വെളിപ്പെടുത്തിയത്.

ചാനലുകള്‍ ടിആര്‍പി റേറ്റിങ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലില്‍ രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. രണ്ട് മറാത്തി ചാനലുകളുടെ ഉടമകളെ പോലിസ് അറസ്റ്റുചെയ്തു. അര്‍ണബ് ഗോസ്വാമിക്ക് ഹാജരാവാന്‍ നോട്ടീസ് നല്‍കി. ചാനലുകള്‍ക്കെതിരേ വഞ്ചാനകുറ്റമടക്കം ചുമത്തി കേസെടുത്തതായും മുംബൈ പോലിസ് മേധാവി അറിയിച്ചിരുന്നു. റിപബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകളും പോലിസ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി കണ്ടെത്തിയാല്‍ ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പടെ മരവിപ്പിക്കുന്ന കടുത്ത നടപടികളാവും ഉണ്ടാവുകയെന്നും പോലിസ് മേധാവി പരമവീര്‍ സിങ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it