India

കൊവിഡ് വാക്‌സിന് അംഗീകാരം വേണമെങ്കില്‍ പ്രാദേശിക പഠനം നടത്തണമെന്ന് ഫൈസറിനോട് കേന്ദ്രം

കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ടും ഓക്‌സ് ഫഡ് യൂനിവേഴ്‌സിറ്റിയും അടിയന്തര ഉപയോഗ അനുമതിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രാദേശിക പഠനം നടത്തിയിരുന്നു.

കൊവിഡ് വാക്‌സിന് അംഗീകാരം വേണമെങ്കില്‍ പ്രാദേശിക പഠനം നടത്തണമെന്ന് ഫൈസറിനോട് കേന്ദ്രം
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ഫൈസര്‍ ഉള്‍പ്പെടെയുള്ള വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ നിര്‍ബന്ധമായും അനുബന്ധ പ്രാദേശിക പഠനംകൂടി നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. എങ്കില്‍ മാത്രമേ അനുമതിക്കായി പരിഗണിക്കുകയുള്ളൂ എന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ടും ഓക്‌സ് ഫഡ് യൂനിവേഴ്‌സിറ്റിയും അടിയന്തര ഉപയോഗ അനുമതിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രാദേശിക പഠനം നടത്തിയിരുന്നു.

1,500 ലധികം പേരിലാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ട് പഠനം നടത്തിയത്. തുടര്‍ന്ന് ജനുവരി മൂന്നിനാണ് കൊവിഷീല്‍ഡിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് ആദ്യം അനുമതി ആവശ്യപ്പെട്ടത് ഫൈസറായിരുന്നു. പ്രാദേശിക പഠനം നടത്താതെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും ഫൈസര്‍ ശ്രമിച്ചിരുന്ന വാര്‍ത്തകള്‍ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിളിച്ച യോഗങ്ങളിലൊന്നും ഫൈസര്‍ പങ്കെടുത്തിരുന്നുമില്ല.

ഏത് വാക്‌സിനും രാജ്യത്ത് വിതരണം ചെയ്യണമെങ്കില്‍ ബ്രിഡ്ജിങ് ട്രയല്‍ നടത്തേണ്ടതുണ്ടെന്ന നിബന്ധന മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടെന്ന് ഇന്ത്യയുടെ വാക്‌സിന്‍ സ്ട്രാറ്റജി പാനല്‍ മേധാവി വിനോദ് കെ പോള്‍ പറഞ്ഞു. വാക്‌സിന്റെ ഒരു പുതിയ പ്രദേശത്തെ ഫലപ്രാപ്തി, സുരക്ഷ, നല്‍കേണ്ട അളവ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരശേഖരണം ലക്ഷ്യമാക്കി നടത്തുന്ന അനുബന്ധ പഠനത്തെയാണ് ബ്രിഡ്ജിങ് ട്രയല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിഷയത്തില്‍ ഫൈസര്‍ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിലെ അവസാന ഘട്ട പരീക്ഷണങ്ങള്‍ക്ക് വിധേയമായ റഷ്യയുടെ സ്പുട്‌നിക് വി ഉടന്‍ രാജ്യത്ത് അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിക്കും. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ഒരു വാക്‌സിന്‍ നിര്‍മാതാവിനും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കില്ലെന്നും പോള്‍ പറഞ്ഞു. നഷ്ടപരിഹാരമാവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റിയൂട്ട് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. മറ്റ് പല രാജ്യങ്ങളിലും ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്ന് സെറം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it