Sub Lead

തായ്‌വാന് സമീപം ചൈനീസ് നിരീക്ഷണ ബലൂണ്‍; മിസൈല്‍ സിസ്റ്റം സ്ഥാപിക്കുമെന്ന് യുഎസ്

തായ്‌വാന് സമീപം ചൈനീസ് നിരീക്ഷണ ബലൂണ്‍; മിസൈല്‍ സിസ്റ്റം സ്ഥാപിക്കുമെന്ന് യുഎസ്
X

തായ്‌പെയ്: തായ്‌വാന് സമീപം ചൈനയുടെ ചാര ബലൂണ്‍ കണ്ടെന്ന് റിപോര്‍ട്ട്. രാവിലെ 8.15നാണ് സംഭവമെന്ന് തായ്‌വാന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഏകദേശം പത്ത് കിലോമീറ്റര്‍ ഉയരത്തിലാണ് ബലൂണ്‍ ഉണ്ടായിരുന്നത്. എന്നാല്‍, ആരോപണം ചൈന തള്ളി. കാലാവസ്ഥ അറിയാനുള്ള ബലൂണ്‍ ആണ് ഇതെന്ന് ചൈന വ്യക്തമാക്കി. ബലൂണിന് പുറമെ 12 യുദ്ധവിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും പ്രദേശത്ത് കറങ്ങുന്നതായും തായ്‌വാന്‍ ആരോപിച്ചു.

അതേസമയം, തായ്‌വാന് പിന്തുണയുമായി യുഎസും ജപ്പാനും ഫിലിപ്പൈന്‍സും രംഗത്തെത്തി. തായ്‌വാനെ സംരക്ഷിക്കാന്‍ ഹൈ മൊബൈലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം(ഹിമാര്‍സ്) ജപ്പാനിലും തായ്‌വാനിലും വിന്യസിക്കുമെന്ന് യുഎസ് അറിയിച്ചു.

അതേസമയം, ഏഷ്യയെ അസ്ഥിരപ്പെടുത്താന്‍ യുഎസ് ശ്രമിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പറഞ്ഞു. ഏഷ്യയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കാന്‍ അമേരിക്ക തായ്‌വാനെ ഉപയോഗിക്കുകയാണെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആന്‍ഡ്രി റുഡെന്‍കോ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു. തായ്‌വാന്‍ വിഷയത്തില്‍ ചൈനയെയാണ് റഷ്യ പിന്തുണക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1894-1895 കാലത്ത് നടന്ന ആദ്യ ചൈന-ജപ്പാന്‍ യുദ്ധത്തില്‍ ജപ്പാന്‍, തായ്‌വാന്‍ ദ്വീപ് കീഴടക്കിയിരുന്നു. അതിന് മുമ്പ് വരെ പ്രദേശം ചൈനയിലെ ക്യുങ് രാജവംശത്തിന്റെ അധീനതയിലായിരുന്നു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടു. അതോടെ തായ്‌വാന്റെ നിയന്ത്രണം ജപ്പാന് നഷ്ടമായി. ഇതിന് ശേഷം ആഭ്യന്തരയുദ്ധത്തിലൂടെ മാവോ സേതുങിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ചൈനയില്‍ അധികാരം പിടിച്ചു.

മാവോയുടെ സൈന്യവുമായി ഏറ്റുമുട്ടി പരാജയപ്പെട്ട കിയാങ് ചൈഷക് എന്ന നേതാവ് പതിനഞ്ച് ലക്ഷം അനുയായികള്‍ക്കൊപ്പം 1949ല്‍ തായ്‌വാനിലേക്ക് രക്ഷപ്പെട്ടു. അവര്‍ തായ്‌വാനില്‍ ഔദ്യോഗിക ചൈനയെന്ന പേരില്‍ ഭരണകൂടം സ്ഥാപിച്ചു. തായ്‌വാനാണ് യഥാര്‍ത്ഥ ചൈനയെന്നാണ് അവരുടെ വാദം. എന്നാല്‍, തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുടെ വാദം. യുഎസും യൂറോപ്പുമാണ് തായ്‌വാന് സൈനിക പിന്തുണ നല്‍കുന്നത്. ഒരു നാള്‍ തായ്‌വാന്‍ ചൈനയില്‍ ചേരുമെന്നാണ് ചൈനയുടെ നിലപാട്.

Next Story

RELATED STORIES

Share it