India

പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു: സിംഗപ്പൂരിന്റെ 7 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക്

സിംഗപ്പൂര്‍ ദേശീയ സര്‍വകലാശാലയുടേതാണ് ഗലാസിയ രണ്ട് എന്ന ഉപഗ്രഹം.

പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു: സിംഗപ്പൂരിന്റെ 7 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക്
X

ശ്രീഹരിക്കോട്ട: പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്. സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വിയുടെ അമ്പത്തിയെട്ടാം ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്നത്.

സിംഗപ്പൂര്‍ ഡിഫന്‍സ് സ്‌പേസ് ആന്‍ഡ് ടെക്‌നോളജി ഏജന്‍സിയുടെ ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. 352 കിലോഗ്രാം ഭാരമുണ്ട് ഈ റഡാര്‍ ഉപഗ്രഹത്തിന്. മറ്റ് ആറ് ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റുകളുമാണ്. ഇരുപത്തിനാല് കിലോഗ്രാം ഭാരമുള്ള ആര്‍ക്കേഡ്, 23 കിലോഗ്രാം ഭാരമുള്ള വെലോക്‌സ് എഎം, നാല് കിലോഗ്രാം മാത്രം ഭാരമുള്ള സ്‌കൂബ് ടു, എന്നീ ഉപഗ്രഹങ്ങള്‍ സിംഗപ്പൂര്‍ സാങ്കേതിക സര്‍വകലാശാലയുടേതാണ്. സിംഗപ്പൂര്‍ ദേശീയ സര്‍വകലാശാലയുടേതാണ് ഗലാസിയ രണ്ട് എന്ന ഉപഗ്രഹം.

നു സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ നു ലിയോണും, അലേന പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന് ഓര്‍ബ് 12 സ്‌ട്രൈഡറുമാണ് മറ്റ് ഉപഗ്രഹങ്ങള്‍. വിക്ഷേപണം കഴിഞ്ഞ് ഇരുപത്തിയൊന്ന് മിനുട്ട് പിന്നിടുമ്പോഴായിരിക്കും പ്രധാന ഉപഗ്രഹമായ ഡിഎസ് സാര്‍ റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുക. ഇരുപത്തിനാല് മിനുട്ട് കഴിയുമ്പോഴേക്കും അവസാന ചെറു ഉപഗ്രഹവും വേര്‍പ്പെടും. എത്ര തുകയ്ക്കാണ് എന്‍സില്‍ വിക്ഷേപണ കരാര്‍ ഏറ്റെടുത്തത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.


Next Story

RELATED STORIES

Share it