India

ഖുത്തുബ് മിനാര്‍ കേസ്: വിധി പറയുന്നത് ജൂണ്‍ ഒമ്പതിലേക്ക് മാറ്റി

ഖുത്തുബ് മിനാര്‍ കേസ്: വിധി പറയുന്നത് ജൂണ്‍ ഒമ്പതിലേക്ക് മാറ്റി
X

ന്യൂഡല്‍ഹി: ചരിത്രസ്മാരകമായ ഖുത്തുബ് മിനാര്‍ സമുച്ഛയത്തില്‍ ആരാധന അനുവദിക്കാന്‍ കഴിയില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസില്‍ വിധി പറയുന്നത് ജൂണ്‍ ഒമ്പതിലേക്ക് മാറ്റി ഡല്‍ഹി ജില്ലാ കോടതി. 27 ക്ഷേത്രങ്ങള്‍ തകര്‍ത്താണ് ഖുത്തുബ് മിനാര്‍ സമുച്ഛയത്തിലുള്ള ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ് നിര്‍മിച്ചതെന്നാണ് ഹരജിക്കാരുടെ വാദം. പുരാവസ്തുവകുപ്പ് മുന്‍ റീജ്യനല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മയാണ് ഖുത്തുബ് മിനാറുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിവച്ചത്.

ഖുത്തുബ് മിനാര്‍ നിര്‍മിച്ചത് മുഗള്‍ രാജാവായ ഖുതുബുദ്ദിന്‍ ഐബക് അല്ലെന്നും വിക്രമാദിത്യ രാജാവാണെന്നുമായിരുന്നു ധരംവീര്‍ ശര്‍മയുടെ നിലപാട്. എന്നാല്‍, ഖുത്തുബ് മിനാറില്‍ ക്ഷേത്രാരാധന നടത്തുന്നത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജികളിലെ വാദങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ തള്ളിക്കളഞ്ഞു. ഖുത്തുബ് മിനാര്‍ നിര്‍മിക്കാനായി ക്ഷേത്രങ്ങള്‍ തകര്‍ത്തോ എന്നത് ചരിത്രപരമായ കാര്യമാണ്. എന്നാല്‍, നിലവിലുള്ള ഖുത്തുബ് മിനാര്‍ 1914 മുതല്‍ ചരിത്രസ്മാരകമാണ്. അതുകൊണ്ട് ഈ വളപ്പില്‍ ആരാധന നടത്താനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് എഎസ്‌ഐ നിലപാട് വ്യക്തമാക്കി.

നിലവില്‍ യുനെസ്‌കോ പട്ടികപ്പെടുത്തിയ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലാണ് ഖുത്തുബ് മിനാര്‍ ഉള്ളത്. ആരാധനയ്ക്കുള്ള മൗലികാവകാശം സ്മാരക സമുച്ഛയത്തിന്റെ പ്രത്യേക പദവികള്‍ ലംഘിച്ച് നടപ്പാക്കാന്‍ സാധിക്കില്ല. പില്‍ക്കാലങ്ങളില്‍ അനീതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ലെന്നാണ് കീഴ്‌ക്കോടതിയും ജില്ലാ കോടതിയും നിരീക്ഷിച്ചത്. ഖുത്തുബ് മിനാറില്‍ ക്ഷേത്രം നിര്‍മിച്ച് ആരാധന നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ചില തീവ്രഹിന്ദു സംഘടനകള്‍ സ്ഥലത്ത് പ്രതിഷേധം നടത്തിയിരുന്നു. ഖുത്തുബ് മിനാറിന്റെ പേര് വിഷ്ണുസ്തംഭമെന്നാക്കി മാറ്റണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Next Story

RELATED STORIES

Share it