India

രാജസ്ഥാനില്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്തു; എസ്‌ഐ അറസ്റ്റില്‍

ആല്‍വാര്‍ ഖേര്‍ലി പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ ഭരത് സിങ്ങാ (54) ണ് അറസ്റ്റിലായത്. മാര്‍ച്ച് രണ്ടിനും നാലിനും ഇടയില്‍ മൂന്നുദിവസം തുടര്‍ച്ചയായി യുവതിയെ എസ്‌ഐ പീഡനത്തിനിരയാക്കിയെന്ന് പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

രാജസ്ഥാനില്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്തു; എസ്‌ഐ അറസ്റ്റില്‍
X

ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പരാതി നല്‍കാനെത്തിയ യുവതിയെ പോലിസ് സ്റ്റേഷന്‍ കോംപൗണ്ടില്‍ ബലാല്‍സംഗം ചെയ്ത എസ്‌ഐ അറസ്റ്റിലായി. ആല്‍വാര്‍ ഖേര്‍ലി പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ ഭരത് സിങ്ങാ (54) ണ് അറസ്റ്റിലായത്. മാര്‍ച്ച് രണ്ടാം തിയ്യതിയാണ് പോലിസ് സ്റ്റേഷനിലെത്തിയ 26കാരിയെ എസ്‌ഐ ബലാല്‍സംഗം ചെയ്ത ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മാര്‍ച്ച് രണ്ടിനും നാലിനും ഇടയില്‍ മൂന്നുദിവസം തുടര്‍ച്ചയായി യുവതിയെ എസ്‌ഐ പീഡനത്തിനിരയാക്കിയെന്ന് പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

വിവാഹമോചനം ആവശ്യപ്പെട്ട ഭര്‍ത്താവിനെതിരേ പരാതി നല്‍കാനായി മാര്‍ച്ച് രണ്ടിന് ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് യുവതി പോലിസ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് എസ്‌ഐയെ നേരിട്ടുകണ്ട് പരാതി നല്‍കി. ഇതിന് പിന്നാലെയാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സഹായിക്കാമെന്നും കൗണ്‍സിലിങ് നടത്താനെന്നും പറഞ്ഞ് പോലിസ് സ്റ്റേഷനിലെ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് എസ്‌ഐ യുവതിയെ കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് യുവതിയെ എസ്‌ഐ ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം തന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ യുവതി വീണ്ടും പോലിസ് സ്റ്റേഷനിലെത്തിയപ്പോഴും എസ്‌ഐ ബലാല്‍സംഗം ചെയ്തു.

മാര്‍ച്ച് 7ന് എസ്‌ഐ സിങ് യുവതിയെ വീണ്ടും വിളിച്ചു. ഇതുപ്രകാരം സ്റ്റേഷനിലെത്തിയ യുവതി മറ്റൊരു പോലിസ് ഉദ്യോഗസ്ഥനോട് വിവരം പറയുകയും എസ്‌ഐയ്‌ക്കെതിരേ പരാതി നല്‍കുകയുമായിരുന്നു. ആല്‍വാര്‍ എസ്പിയ്ക്കും പരാതി നല്‍കി. തുടക്കത്തില്‍ പോലിസ് കേസ് പൂഴ്ത്തിവയ്ക്കാന്‍ ശ്രമം നടത്തിയിരുന്നതായും റിപോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേസിനെക്കുറിച്ച് അറിഞ്ഞയുടന്‍ ജയ്പൂര്‍ റേഞ്ച് ഐജി ഹവാ സിങ് ഘുമാരിയയും പോലിസ് സൂപ്രണ്ട് (എസ്പി) തേജസ്വിനി ഗൗതമും ഖേര്‍ലിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. ഇതോടെയാണ് എസ്‌ഐയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റുരേഖപ്പെടുത്തിയത്.

മാര്‍ച്ച് 2, 3, 4 തിയ്യതികളില്‍ യുവതി ബലാല്‍സംഗത്തിനിരയായതായി പരാതിയിലുണ്ടെന്ന് ഐജി ഗുമാരിയ പറഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തി അറസ്റ്റുചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 376 പ്രകാരം സിങ്ങിനെതിരേ കേസെടുത്തിട്ടുണ്ട്. കേസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രകാശ് ചന്ദിനെയും സസ്‌പെന്റ് ചെയ്തു. എസ്‌ഐയെ രക്ഷിക്കുന്നതിനായി ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ രേഖകളില്‍ കൃത്രിമം വരുത്തിയെന്ന് ഇയാള്‍ക്കെതിരേ ആരോപണമുയര്‍ന്നിരുന്നു.

ഒരു ഫോണ്‍ റെക്കോര്‍ഡും യുവതി ഹാജരാക്കിയിട്ടുണ്ടെന്ന് ആല്‍വാര്‍ എസ്പി പറഞ്ഞു. സിങ്ങിനെതിരേ സസ്‌പെന്‍ഷനും മറ്റ് അച്ചടക്ക നടപടികളും ഐജിയുടെ ഓഫിസില്‍ ആരംഭിച്ചിട്ടുണ്ട്. എസ്എച്ച്ഒയ്‌ക്കെതിരേ നടപടിയെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. സ്ത്രീയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തുകയും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്യുമെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it