India

മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി അന്തരിച്ചു

മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി അന്തരിച്ചു
X

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജത്മലാനി അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലായിരുന്നു ജത്മലാനി.

1923 സപ്തംബര്‍ 14ന് സിന്ധ് പ്രവിശ്യയിലെ സികാര്‍പൂരില്‍ ജനിച്ച രാം ഭൂല്‍ചന്ത് ജത്മലാനി സുപ്രിം കോടതിയിലും ഹൈക്കോടതിയിലും പ്രമാദമായ നിരവധി കേസുകളില്‍ വാദിച്ച് ശ്രദ്ധേയനായിരുന്നു. 1959ല്‍ കെ എം നാനാവതി വേഴ്‌സസ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേസിലെ പ്രോസിക്യൂട്ടര്‍ ആയതാണ് ആദ്യത്തെ ശ്രദ്ധേയമായ കേസ്. 2011ല്‍ രാജീവ് ഗാന്ധിയുടെ കൊലയാളികള്‍ക്ക് വേണ്ടി പ്രതിഭാഗം അഭിഭാഷകനായതും ജത്മലാനിയെ ശ്രദ്ധേയനാക്കി. സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതിക്കേസില്‍ ഹര്‍ഷദ് മേത്തയ്ക്കും കേതന്‍ പരേഖിനും വേണ്ടി വാദിച്ചതും ജത്മലാനിയായിരുന്നു. ജസിക്ക ലാല്‍ വധക്കേസില്‍ മനു ശര്‍മയുടെ അഭിഭാഷകനായിരുന്നു.

സുഹറബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ അമിത്ഷാക്ക് വേണ്ടിയും 2ജി സ്‌പെക്ട്രം കേസില്‍ കനിമൊഴിക്കു വേണ്ടിയും ഹവാല ഇടപാടില്‍ എല്‍ കെ അഡ്വാനിക്ക് വേണ്ടിയും അദ്ദേഹം വാദിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു പ്രസാദ് യാദവ്, ഖനി അഴിമതിക്കേസില്‍ യെദിയൂരപ്പ, ജോധ്പൂര്‍ ലൈംഗിക പീഡനക്കേസില്‍ ആശാറാം ബാപ്പു അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത എന്നിവര്‍ക്കു വേണ്ടി അഭിഭാഷകനായതും ജത്മലാനിയുടെ ക്രിമിനല്‍ നിയമങ്ങളിലുള്ള പാടവം തെളിയിക്കുന്നതാണ്.

2010ല്‍ സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആറ്, ഏഴ് ലോക്‌സഭകളില്‍ മുംബൈയില്‍ നിന്ന് ബിജെപി പ്രതിനിധിയായി ലോക്‌സഭയിലെത്തി. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ നഗര വികസന മന്ത്രിയായി. പിന്നീട് 2004ല്‍ ല്ഖനോ മണ്ഡലത്തില്‍ അദ്ദേഹം വാജ്‌പേയിക്കെതിരേ മല്‍സരിച്ചിരുന്നു. എന്നാല്‍, 2010ല്‍ വീണ്ടും ബിജെപിയില്‍ തിരിച്ചെത്തിയ ജത്മലാനി രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്കെത്തി. 2012ല്‍ യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരേ ബിജെപി നേതാക്കള്‍ മൗനം പാലിക്കുന്ന എന്നാരോപിച്ച് ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്കെഴുതിയ കത്ത് പുറത്തായതിനെ തുടര്‍ന്ന് 2013 മെയില്‍ അദ്ദേഹത്തെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

മക്കളായ മഹേഷ് ജത്മലാനിയും റാണി ജത്മലാനിയും അറിയപ്പെടുന്ന അഭിഭാഷകരാണ്.

Next Story

RELATED STORIES

Share it