India

സാമ്പത്തിക പ്രതിസന്ധി നിയന്ത്രണാതീതം; റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി കേന്ദ്രം പിടിച്ചുവാങ്ങുന്നു

കേന്ദ്ര സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിനു കൈമാറണമെന്ന ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശ ആര്‍ബിഐ അംഗീകരിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ആര്‍ബിഐയുടെ നീക്കിയിരിപ്പില്‍നിന്ന് ഇത്രവലിയ തുക സര്‍ക്കാരിനു കൈമാറുന്നത്.

സാമ്പത്തിക പ്രതിസന്ധി നിയന്ത്രണാതീതം; റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി കേന്ദ്രം പിടിച്ചുവാങ്ങുന്നു
X

ന്യൂഡല്‍ഹി: രാജ്യം അതിഗുരുതരമായ പ്രതിസന്ധിയിലേക്കു നീങ്ങുമ്പോള്‍ മാത്രം ഉപയോഗിക്കാനുള്ള റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് ഒരു ഭാഗം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിനു കൈമാറണമെന്ന ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശ ആര്‍ബിഐ അംഗീകരിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ആര്‍ബിഐയുടെ നീക്കിയിരിപ്പില്‍നിന്ന് ഇത്രവലിയ തുക സര്‍ക്കാരിനു കൈമാറുന്നത്.

ഘട്ടം ഘട്ടമായി തുക കൈമാറാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. കരുതല്‍ ധനം കൈമാറുന്നതില്‍ നേരത്തെ ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലും സര്‍ക്കാരും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഉര്‍ജിത് പാട്ടേലിന്റെ രാജിയിലേക്കു വരെ നയിച്ചതും ഇത്തരം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ ഇതു സംബന്ധിച്ച് വലിയ തര്‍ക്കം നിലനിന്നിരുന്നു.

പൊതുതിരഞ്ഞെടുപ്പിനു മുമ്പുതന്നെ ആര്‍ബിഐയുടെ കരുതല്‍ധനം പിടിച്ചെടുക്കാന്‍ ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ ആര്‍ബിഐ.യുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുകയാണെന്നും അത് സാമ്പത്തികരംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി ഡപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ പരസ്യമായി രംഗത്തെത്തി. ഇതോടെ സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. തുടര്‍ന്ന് വിരല്‍ ആചാര്യയുടെ രാജിയിലേക്കു നയിച്ചതും ഈ തര്‍ക്കമായിരുന്നു.

ഉര്‍ജിത് പട്ടേല്‍ രാജിവച്ചതോടെ, മോദിയുടെ വിശ്വസ്തനായ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശക്തികാന്ത ദാസിനെ ആര്‍ബിഐയുടെ ഗവര്‍ണറാക്കി. അതോടെയാണ് കേന്ദ്ര നീക്കം എളുപ്പമായത്. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പെട്ടെന്നു നടപ്പാക്കിക്കൊടുക്കുന്നതു വിമര്‍ശനത്തിനിടയാക്കുമെന്നു കണ്ടാണ് ആര്‍ബിഐ മുന്‍ഗവര്‍ണര്‍ ബിമല്‍ ജലാന്റെ നേതൃത്വത്തില്‍ സമിതി രൂപവല്‍ക്കരിച്ച് കരുതല്‍ധനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയ്, 2003ല്‍ ബിമല്‍ ജലാനെ രാജ്യസഭാംഗമാക്കിയിരുന്നു.

കരുതല്‍ ധനശേഖരത്തില്‍ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.

സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ഇടപാടിലൂടെ കിട്ടുന്ന ലാഭം, വാണിജ്യ ബാങ്കുകള്‍ക്കു വായ്പ നല്‍കുമ്പോള്‍ ലഭിക്കുന്ന പലിശവരുമാനം, കടപത്രങ്ങളില്‍നിന്നു കിട്ടുന്ന വരുമാനം എന്നിവയാണ് ആര്‍ബിഐയുടെ വരുമാനം. കേന്ദ്രബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ്, ജീവനക്കാരുടെ ചെലവ്, തേയ്മാനം എന്നിവയൊക്കെ കഴിഞ്ഞ് ബാക്കിവരുന്ന തുകയാണു നീക്കിയിരിപ്പായി മാറുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ മറ്റൊരു തരത്തിലും പരിഹരിക്കാനാവാത്ത പ്രതിസന്ധി വരുമ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണ് ഈ പണം.

Next Story

RELATED STORIES

Share it