India

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി- എസ്ബിഎസ്പി സഖ്യം

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി- എസ്ബിഎസ്പി സഖ്യം
X

ലഖ്‌നോ: 2022 ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യും സഖ്യത്തില്‍ മല്‍സരിക്കും. ഇന്നലെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും എസ്ബിഎസ്പി അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ഭറും സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മുന്‍ മന്ത്രിയാണ് രാജ്ഭര്‍. ദലിതുകള്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗം എന്നിവര്‍ക്കുവേണ്ടി യോജിച്ചുപ്രവര്‍ത്തിക്കുമെന്ന് ഇരുനേതാക്കളും പറഞ്ഞു. യുപി നിയമസഭയില്‍ എസ്ബിഎസ്പിക്ക് നാല് എംഎല്‍എമാരാണുള്ളത്. കിഴക്കന്‍ യുപിയില്‍ നിര്‍ണായക സ്വാധീനമുള്ള പാര്‍ട്ടിയായ എസ്ബിഎസ്പി 2017ല്‍ ബിജെപിയുമായി സഖ്യത്തിലായിരുന്നു മല്‍സരിച്ചത്.

ബിജെപിയെ ഇത്തവണ തുടച്ചുനീക്കപ്പെടും. സമാജ്‌വാദി പാര്‍ട്ടിയും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും ഒന്നിച്ചു. ദലിത്, പിന്നോക്ക, ന്യൂനപക്ഷങ്ങള്‍ക്കൊപ്പം എല്ലാ വിഭാഗങ്ങളെയും ഒറ്റിക്കൊടുത്ത ബിജെപി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു- ഓംപ്രകാശ് രാജ്ഭര്‍ പറഞ്ഞു. ഓം പ്രകാശ് രാജ്ഭറും അഖിലേഷ് യാദവും തമ്മില്‍ ഒരുവര്‍ഷത്തിലേറെയായി ചര്‍ച്ചകള്‍ നടക്കുകയാണ്. 2002 ലാണ് ഓം പ്രകാശ് രാജ്ഭര്‍ എസ്ബിഎസ്പി സ്ഥാപിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടി എല്ലാ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും (കിഴക്കന്‍ യുപിയിലും ബിഹാറിലെ ചില മണ്ഡലങ്ങളിലും) മല്‍സരിച്ചു.

കിഴക്കന്‍ യുപിയിലും ബിഹാറിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും രാജ്ഭറിനും മറ്റ് ചില പിന്നോക്ക സമുദായങ്ങള്‍ക്കുമിടയില്‍ എസ്ബിഎസ്പിക്ക് സ്വാധീനമുണ്ട്. 2017 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്ഭര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോഴായിരുന്നു എസ്ബിഎസ്പിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമുണ്ടാവുന്നത്. അന്ന് എസ്ബിഎസ്പി നാല് സീറ്റുകള്‍ നേടിയിരുന്നു. ബിജെപി സര്‍ക്കാര്‍ ഓം പ്രകാശ് രാജ്ഭറിനെ പിന്നാക്ക വിഭാഗങ്ങളുടെയും വികലാംഗ ക്ഷേമത്തിന്റെയും വകുപ്പ് മന്ത്രിയായി നിയമിച്ചു. എന്നാല്‍ യോഗിക്കും മോദി സര്‍ക്കാരുകള്‍ക്കുമെതിരേ രാജ്ഭര്‍ ഇടയ്ക്കിടെ നടത്തിയ പ്രസ്താവനകള്‍ക്ക് ശേഷം ബന്ധം വഷളായി.

Next Story

RELATED STORIES

Share it