India

പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ നടപടി ഇന്ത്യയെ വില്‍ക്കുന്നതിന് തുല്യം: ബെന്നി ബെഹന്നാന്‍ എംപി

ഇന്ത്യയെ ഇനി ഒരിക്കലും സാമ്പത്തികമായി കരകയറാന്‍ കഴിയാത്ത രീതിയിലേക്ക് രാജ്യത്തെ നയിക്കുകയാണ് മോദിയും കൂട്ടരും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ നടപടി ഇന്ത്യയെ വില്‍ക്കുന്നതിന് തുല്യം: ബെന്നി ബെഹന്നാന്‍ എംപി
X

ന്യൂഡല്‍ഹി: 85,000 കോടി രൂപയോളം കേന്ദ്രഖജനാവിലേക്ക് ലാഭംകൊയ്തു നല്‍കിയ അഞ്ചോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് ബെന്നി ബെഹന്നാന്‍ എംപി ലോക്‌സഭയില്‍ അറിയിച്ചു. ശൂന്യവേളയിലാണ് എംപി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. നടപടി ഇന്ത്യയെ വില്‍ക്കുന്നതിന് തുല്യമാണ്.

ഒരുകാലത്ത് സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ഒരു വന്‍ തൂണുപോലെ നിന്ന് ഇന്ത്യയെ സംരക്ഷിച്ച ബിപിസിഎല്‍, ഷിപ്പിങ് കോര്‍പറേഷന്‍, കണ്ടയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ജലവികസന കോര്‍പറേഷന്‍, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (നീപ്‌കോ) തുടങ്ങിയ ഇന്ന് കുത്തക കോര്‍പറേറ്റ് മുതലാളിമാരുടെ കാല്‍ക്കല്‍ കൊണ്ടുപോയി പണയംവയ്ക്കുന്ന മോദി സര്‍ക്കാര്‍ നിലപാട് തികച്ചും ഭയപ്പെടുത്തുകയാണ്. ഇന്ത്യയെ ഇനി ഒരിക്കലും സാമ്പത്തികമായി കരകയറാന്‍ കഴിയാത്ത രീതിയിലേക്ക് രാജ്യത്തെ നയിക്കുകയാണ് മോദിയും കൂട്ടരും.

എന്നാല്‍, അതിനിടയിലും സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 42,336 കോടി രൂപയോളം സര്‍ക്കാര്‍ മൊറട്ടോറിയം നല്‍കി. ഒരുനാള്‍ സമ്പത് വ്യവസ്ഥയുടെ നെടുംതൂണുകളെന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിഞ്ഞിരുന്ന ഈ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതുവഴി രാജ്യത്തെ ആഗോളമാന്ദ്യത്തിലേക്ക് തള്ളിവിടുകയാണെന്നും പുനര്‍വിചിന്തനം നടത്തി സര്‍ക്കാരിന് ലാഭം മാത്രം സമ്മാനിച്ച ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്ന നടപടിയില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും എംപി സഭയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it