India

കനത്ത സുരക്ഷയില്‍ ജമ്മു കശ്മീരില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കനത്ത സുരക്ഷയില്‍ ജമ്മു കശ്മീരില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
X

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പോളിങ് ആരംഭിച്ചത്. വൈകീട്ട് ആറ് മണിയോടെ അവസാനിക്കും. പത്തു വര്‍ഷത്തിനുശേഷമാണ് ജമ്മുവില്‍ തിരഞ്ഞെടുപ്പ്. ജമ്മു-കശ്മീരിന് പ്രത്യേക പദവിനല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം പിന്‍വലിച്ചതിനുശേഷുള്ള ആദ്യ തിരഞ്ഞെടുപ്പുകൂടിയാണിത്. ആദ്യഘട്ടത്തിലെ 24 മണ്ഡലങ്ങളില്‍ എട്ടെണ്ണം ജമ്മുവിലും 16 എണ്ണം കശ്മീരിലുമാണ്. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കനത്തസുരക്ഷ ഒരുക്കിയിട്ടുണ്ട്.

നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും സി.പി.എമ്മും അടങ്ങുന്ന ഇന്ത്യസഖ്യവും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. പി.ഡി.പി.യും ചെറുപാര്‍ട്ടികളും സജീവമായി മത്സരരംഗത്തുണ്ട്. പലയിടങ്ങളിലും ചതുഷ്‌കോണമത്സരമാണ്. 370-ാം അനുച്ഛേദം പിന്‍വലിച്ചതും ജമ്മു-കശ്മീരിന് സംസ്ഥാനപദവി തിരികെ ലഭിക്കണമെന്ന വാദവും പ്രചാരണവേദികളില്‍ ശക്തമാണ്. 219 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്നത്. ചിലത് ജമ്മു-കശ്മീരിലെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന തട്ടകങ്ങളാണ്.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി, എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍, പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി, നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് സകീന ഇട്ടൂ, ബി.ജെ.പി. സ്ഥാനാര്‍ഥി സോഫി മുഹമ്മദ് യൂസഫ് തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍.

പാംപോര്‍, ത്രാല്‍, പുല്‍വാമ, രാജ്പുര, സൈനാപുര, ഷോപിയാന്‍, ഡി.എച്ച്. പുര, കുല്‍ഗാം, ദേവ്‌സര്‍, ദൂരു, കൊകെര്‍നാഗ്, അനന്ത്‌നാഗ് വെസ്റ്റ്, അനന്ത്‌നാഗ്, ശ്രിഗുഫ്വാര-ബിജ്‌ബേഹാര, ഷന്‍ഗുസ്-അനന്തനാഗ് ഈസ്റ്റ്, പഹല്‍ഗാ, ഇന്ദര്‍വാള്‍, കിഷ്ത്വാര്‍, പാഡര്‍-നാഗ്‌സേനി, ഭദര്‍വാ, ദോഡ, ദോഡ വെസ്റ്റ്, റംബാന്‍, ബനിഹാല്‍.




Next Story

RELATED STORIES

Share it