India

പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസിലെ സ്ത്രീയെ കാണ്‍മാനില്ല

പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസിലെ സ്ത്രീയെ കാണ്‍മാനില്ല
X
ബെംഗളൂരു: ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോ ദൃശ്യത്തിലുള്ള ലൈംഗികാതിക്രമം നേരിട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയതായി പരാതി. അതിജീവിതയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീയെ കണ്ടെത്താനുള്ള തിരച്ചില്‍ നടപടികള്‍ ഊര്‍ജിതമാക്കിയതായി പ്രത്യേക അന്വേഷണസംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രേവണ്ണയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാള്‍ ബലംപ്രയോഗിച്ച് മാതാവിനെ കടത്തിക്കൊണ്ടുപോയതായി കാണിച്ച് വ്യാഴാഴ്ച രാത്രിയാണ് മൈസൂരുവിലെ കെ.പി. നഗര്‍ പോലിസ് സ്റ്റേഷനില്‍ ഇരുപതുകാരന്‍ പരാതി നല്‍കിയത്. പ്രജ്വലിന്റെ പിതാവും ജെഡിഎസ് എംഎല്‍എയുമായ എച്ച്.ഡി. രേവണ്ണയുടെ ആജ്ഞാനുവര്‍ത്തിയായ സതീഷ് ബബണ്ണ എന്നയാളാണ് മാതാവിനെ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പരാതിയില്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എച്ച്.ഡി. രേവണ്ണയ്ക്കെതിരേ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ ചെല്ലാനറിയിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് മാതാവിനെ ബബണ്ണ കൂട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

വോട്ടെടുപ്പ് ദിനത്തില്‍ മാതാവിനെ ബബണ്ണ വീട്ടില്‍ ഇറക്കിയതായും പ്രജ്വലുമായി ബന്ധപ്പെട്ടുള്ള കേസില്‍ പോലിസ് അന്വേഷണത്തിനെത്തിയാല്‍ ഒന്നും പറയരുതെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നതായി യുവാവ് പറഞ്ഞു. മറിച്ച് പ്രവര്‍ത്തിച്ചാല്‍ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലിസ് അന്വേഷണത്തിനെത്തിയാല്‍ വിവരം തന്നെ ധരിപ്പിക്കണമെന്നും ബബണ്ണ പറഞ്ഞിരുന്നു. ഏപ്രില്‍ 29ന് ബബണ്ണ വീണ്ടും വീട്ടിലെത്തുകയും അതിജീവിതയെ ബലമായി മോട്ടോര്‍സൈക്കിളില്‍ക്കയറ്റി കൊണ്ടുപോകുകയായിരുന്നു.

പ്രജ്വല്‍ രേവണ്ണ തന്റെ മാതാവിനെ ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്ന് തെളിയിക്കുന്ന വീഡിയോയെക്കുറിച്ച് മേയ് ഒന്നിനാണ് താനറിയാന്‍ ഇടയായതെന്നും യുവാവ് പറഞ്ഞു. താണുകേണപേക്ഷിച്ചിട്ടും പ്രജ്വല്‍ തന്റെ മാതാവിനെ ബലാത്സംഗം ചെയ്തതായി തനിക്ക് വിവരം ലഭിച്ചതായി യുവാവ് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. മാതാവിനെ തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ട് ബബണ്ണയെ ഫോണില്‍ ബന്ധപ്പെട്ടതായും എന്നാല്‍ പഴയൊരു അടിപിടിസംഭവത്തില്‍ തന്റെ മാതാവ് പ്രതിയാണെന്ന് തെളിയിക്കുന്ന ഫോട്ടോ കൈവശമുണ്ടെന്നും ഇനി മാതാവിനെ ജാമ്യത്തിലെടുക്കാനാണ് ബബണ്ണ പറഞ്ഞതെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കി.


Next Story

RELATED STORIES

Share it