India

പുതിയ പദ്ധതികളില്ല; കര്‍ഷകരെ വഞ്ചിക്കുന്ന ബജറ്റ്: ഡീന്‍ കുര്യാക്കോസ്

വിലത്തകര്‍ച്ചയാലും പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടായ ഉല്‍പാദനക്കുറവും മൂലം കടക്കെണിയിലായ കൃഷിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കടക്കെണിയില്‍നിന്നും രക്ഷപ്പെടുത്താനുമുള്ള യാതൊരു പദ്ധതിയുമില്ല.

പുതിയ പദ്ധതികളില്ല; കര്‍ഷകരെ വഞ്ചിക്കുന്ന ബജറ്റ്: ഡീന്‍ കുര്യാക്കോസ്
X

ന്യൂഡല്‍ഹി: പൊതുവില്‍ കേരളത്തിനും കര്‍ഷക ജനതയ്ക്കും നിരാശാജനകമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കേരളത്തിനായി പുതിയ പദ്ധതികള്‍ ഒന്നുമില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുള്ളത് വെറും പ്രഹസനമാണ്. ഉല്‍പാദനക്കുറവും വിലത്തകര്‍ച്ചയും പരിഹരിക്കാന്‍ യാതൊരു പരിഹാരവും നിര്‍ദേശിക്കപ്പെട്ടിട്ടില്ല. റബര്‍, കുരുമുളക് തുടങ്ങിയ നാണ്യവിളകള്‍ക്കുള്‍പ്പടെ താങ്ങുവില പ്രഖ്യാപിക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്.

എന്നാല്‍, ഒരു കാര്‍ഷിക ഉല്‍പന്നത്തിന്റെയും താങ്ങുവിലയെ സംബന്ധിച്ച് ബജറ്റില്‍ കാര്യമായ പരാമര്‍ശമില്ല. വിലത്തകര്‍ച്ചയാലും പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടായ ഉല്‍പാദനക്കുറവും മൂലം കടക്കെണിയിലായ കൃഷിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കടക്കെണിയില്‍നിന്നും രക്ഷപ്പെടുത്താനുമുള്ള യാതൊരു പദ്ധതിയുമില്ല. വരുമാനം ലാഭകരമാക്കാനുള്ള പദ്ധതികള്‍ക്ക് പകരം കൂടുതല്‍ വായ്പ അനുവദിക്കുമെന്നതും സോളാര്‍ വൈദ്യുതി ഉല്‍പാദനത്തിനായുള്ള പ്രോല്‍സാഹനവുമെല്ലാം വന്‍കിടക്കാര്‍ക്കു മാത്രം ഗുണം ചെയ്യുന്നതാണ്. ക്ഷീര ഉല്‍പാദനം 2025 ഓടെ രണ്ടിരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനം ആശ്വാസകരമാണെങ്കിലും ക്ഷീരകര്‍ഷകരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താത്തത് നിരാശാജനകമാണ്.

ഇടുക്കി ജില്ലയെ ആസ്പിരേഷനല്‍ ജില്ലയെന്ന ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമുന്നയിച്ചെങ്കിലും നിലവിലുള്ള ജില്ലകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തിയിട്ടില്ല. കാര്‍ഡമം ക്ലസ്റ്ററായി പ്രഖ്യാപിക്കപ്പെട്ട ഇടുക്കിയില്‍ പ്രത്യേക പദ്ധതികളുടെ കാര്യത്തില്‍ വ്യക്തത വരുത്തണം. രാജ്യത്തെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയുള്‍പ്പടെ സ്ഥിതിചെയ്യുന്ന ഇടുക്കിയില്‍ ട്രൈബല്‍ പാക്കേജും ലോകപ്രസിദ്ധമായ ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമെന്ന നിലയില്‍ പ്രത്യേക ടൂറിസം സോണ്‍ എന്ന ആവശ്യവും പ്രത്യേകമായി മുന്നോട്ടുവച്ചെങ്കിലും പരിഗണിക്കപ്പെടാത്തത് ദു:ഖകരമാണെന്നും ഡീന്‍ കുര്യാക്കോസ് എംപി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it