India

തിരത് സിങ് റാവത്ത് പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകീട്ട് നാലിന്

മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിങ് റാവത്ത് രാജി സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് പുതിയ മന്ത്രിയെ തിരഞ്ഞെടുത്തത്. ബിജെപി ഉത്തരാഖണ്ഡ് ഘടകം മുന്‍ അധ്യക്ഷന്‍ കൂടിയാണ് തിരത് സിങ് റാവത്ത്. മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് തന്നെയാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്.

തിരത് സിങ് റാവത്ത് പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകീട്ട് നാലിന്
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് തിരത് സിങ് റാവത്ത് ചുമതലയേല്‍ക്കും. മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിങ് റാവത്ത് രാജി സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് പുതിയ മന്ത്രിയെ തിരഞ്ഞെടുത്തത്. ബിജെപി ഉത്തരാഖണ്ഡ് ഘടകം മുന്‍ അധ്യക്ഷന്‍ കൂടിയാണ് തിരത് സിങ് റാവത്ത്. മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് തന്നെയാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്.

ഇന്ന് വൈകീട്ട് നാല് മണിക്ക് തിരത് സിങ് റാവത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. പൗരി നിയോജകമണ്ഡലത്തിലെ ബിജെപി എംപിയാണ് 56 കാരനായ തിരത് സിങ് റാവത്ത്. 2013-15 കാലഘട്ടത്തില്‍ ഉത്തരാഖണ്ഡില്‍ പാര്‍ട്ടി മേധാവിയും മുമ്പ് സംസ്ഥാനത്തെ എംഎല്‍എയുമായിരുന്നു. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, ഉത്തരാഖണ്ഡ് മന്ത്രി ധന്‍സിങ് റാവത്ത് എന്നിവരടക്കമാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതിയോടെയാണ് തീരുമാനമെടുത്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി ധാന്‍സിങ് റാവത്ത്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക്, ടൂറിസം മന്ത്രി സ്തപാല്‍ മഹാരാജ്, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട്, രാജ്യസഭ അംഗം അനില്‍ ബലൂനി എന്നീ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയായിരന്ന ത്രിവേന്ദ്ര റാവത്തിനെതിരേ പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കന്‍മാരും എംഎല്‍എമാരും കലാപക്കൊടി ഉയര്‍ത്തിയത്.

കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ റാവത്തിന്റെ പ്രകടനത്തില്‍ അസംതൃപ്തിയറിയിച്ചു. റാവത്തിനോട് ബിജെപി നേതാവ് ജെ പി നദ്ദയെ നേരില്‍ കാണാന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് മുഖ്യമന്ത്രി നദ്ദയുമായി മാത്രമല്ല, ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചര്‍ച്ചനടത്തിയിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് റാവത്തിനെ രാജിവയ്പ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it