India

ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ നേതാക്കള്‍ 2016ല്‍ കൈക്കൂലിക്കേസില്‍പ്പെട്ടവര്‍; വൈറലായ ഒളികാമറ ദൃശ്യങ്ങള്‍ ഇപ്പോഴും ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍

നാലുവര്‍ഷം മുമ്പ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളികാമറ ദൃശ്യങ്ങളാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മുകുള്‍ റോയ്, സുവേന്ദു അധികാരി എന്നിവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് 2016ല്‍ ഒളികാമറ ഓപറേഷനിലൂടെ പുറത്തുവന്നത്.

ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ നേതാക്കള്‍ 2016ല്‍ കൈക്കൂലിക്കേസില്‍പ്പെട്ടവര്‍; വൈറലായ ഒളികാമറ ദൃശ്യങ്ങള്‍ ഇപ്പോഴും ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍നിന്ന് പാര്‍ട്ടിയിലേക്ക് ചേക്കേറിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കാല ചരിത്രം ബിജെപിയെ തിരിഞ്ഞുകുത്തുന്നു. നാലുവര്‍ഷം മുമ്പ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളികാമറ ദൃശ്യങ്ങളാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മുകുള്‍ റോയ്, സുവേന്ദു അധികാരി എന്നിവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് 2016ല്‍ ഒളികാമറ ഓപറേഷനിലൂടെ പുറത്തുവന്നത്.

അന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ ബിജെപി ഇത് രാഷ്ട്രീയ ആയുധമാക്കുകയും സ്റ്റിങ് ഓപറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിജെപിയുടെ ബംഗാള്‍ ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. 2016 മാര്‍ച്ച് 14ലെ പോസ്റ്റ് ഇപ്പോഴും നീക്കംചെയ്തിട്ടില്ല എന്നതാണ് ശ്രദ്ധേയം. തൃണമൂല്‍ കോണ്‍ഗ്രസിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് നാരദാ ന്യൂസിന്റെ മാത്യു സാമുവലാണ് ഒളികാമറ ഓപറേഷന്‍ നടത്തിയത്.


തൃണമൂലിന്റെ നിരവധി നേതാക്കളും ഉന്നത പോലിസ് ഉദ്യോഗസ്ഥനും ഒരു കമ്പനിക്ക് അനധികൃതമായി ആനുകൂല്യങ്ങള്‍ നല്‍കിയതിന് പകരമായി കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇതോടെ തൃണമൂല്‍ നേതാക്കള്‍ക്കെതിരേ ബിജെപി വ്യാപകപ്രചാരണവും ആരംഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം പല യോഗങ്ങളിലും തൃണമൂല്‍ നേതാക്കളുടെ അഴിമതികള്‍ക്കെതിരേ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചു. പാര്‍ട്ടി നേതാക്കളെ ഇല്ലായ്മ ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നായിരുന്നു തൃണമൂലിന്റെ ആരോപണം.


അതേസമയം, അഴിമതി ആരോപണം നേരിട്ട അന്ന് രാജ്യസഭാ എംപിയായിരുന്ന മുകുള്‍ റോയിയും മന്ത്രിയായിരുന്ന സുവേന്ദു അധികാരിയും ഇപ്പോള്‍ ബിജെപിയിലാണ്. മുകുള്‍ റോയ് 2017 ലും സുവേന്ദു അധികാരി കഴിഞ്ഞ ദിവസം ബംഗാളില്‍ അമിത് ഷാ പങ്കെടുത്ത റാലിയില്‍വച്ചും ബിജെപി അംഗത്വം സ്വീകരിച്ചു. ഇതോടെയാണ് ബിജെപിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് എതിരാളികള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

കൈക്കൂലി വാങ്ങിയ വാര്‍ത്ത വിവാദമായതിനെത്തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുക്കുകയും പിന്നീട് മുകുള്‍ റോയ്, സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കള്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇഡി) സാമ്പത്തിക തട്ടിപ്പുനിയന്ത്രണ നിയമ (പിഎംഎല്‍എ) പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍, ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്‌സഭാ സ്പീക്കര്‍ സിബിഐയ്ക്ക് അനുമതി നല്‍കാത്ത പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ വഴിമുട്ടുകയായിരുന്നു. ഇനി നേതാക്കളെ പ്രോസ്‌ക്യൂട്ട് ചെയ്യാന്‍ ലോക്‌സഭാ സ്പീക്കര്‍ സിബിഐയ്ക്ക് അനുമതി നല്‍കുമോയെന്ന് കണ്ടറിയണമെന്നാണ് രാഷ്ട്രീയ എതിരാളികള്‍ ചോദിക്കുന്നത്.

Next Story

RELATED STORIES

Share it