India

കശ്മീര്‍ വിഷയത്തില്‍ ആര്‍എസ്എസ്സിനെതിരേ ട്വീറ്റ്: കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റിനെതിരേ കേസ്

ഡല്‍ഹി കപാശേര പോലിസ് ജൂലൈ എട്ടിനാണ് കേസെടുത്തത്. ഐപിസി 504, 153 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കശ്മീര്‍ വിഷയത്തില്‍ ആര്‍എസ്എസ്സിനെതിരേ ട്വീറ്റ്: കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റിനെതിരേ കേസ്
X

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ആര്‍എസ്എസ്സിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റും ജെഎന്‍യു ഗവേഷക വിദ്യാര്‍ഥിയുമായ സാജിദ് ബിന്‍ സഈദിനെതിരേ വിദ്വേഷപ്രചാരണത്തിന് ഡല്‍ഹി പോലിസ് കേസെടുത്തു. കശ്മീരില്‍ ആര്‍എസ്എസ് ഉപകരണമായി സൈന്യം വംശഹത്യാ പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് ട്വീറ്റ് ചെയ്തതിനാണ് കേസ്. ഡല്‍ഹി കപാശേര പോലിസ് ജൂലൈ എട്ടിനാണ് കേസെടുത്തത്. ഐപിസി 504, 153 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 'കൂടുതല്‍ ഭൂമിക്ക് വേണ്ടിയുള്ള ആര്‍ത്തി ബിജെപി സര്‍ക്കാര്‍ അവസാനിപ്പിക്കണം. യുഎന്‍ ഉറപ്പുനല്‍കിയ സ്വയം നിര്‍ണയാവകാശത്തിനുള്ള കശ്മീരികളുടെ അവകാശം അംഗീകരിക്കണം.

അന്താരാഷ്ട്രസംവിധാനങ്ങള്‍ വിഷയത്തിലിടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നായിരുന്നു സാജിദ് ബിന്‍ സഈദിന്റെ ട്വീറ്റ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ സജീവമായിരുന്ന സാജിദ് ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരേ രൂക്ഷമായ ഭാഷയില്‍ ട്വിറ്ററില്‍ പ്രതികരിക്കാറുണ്ട്. അതേസമയം, സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ഞങ്ങള്‍ ഇനിയും വിമര്‍ശിക്കുകയും ഹിന്ദുത്വത്തിനെതിരേ പോരാടുകയും ചെയ്യുമെന്ന് കേസെടുത്ത ഡല്‍ഹി പോലിസ് നടപടിയോട് സാജിദ് പ്രതികരിച്ചു. കശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ എനിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മാധ്യമറിപോര്‍ട്ടുകളില്‍നിന്ന് മനസ്സിലാക്കുന്നു. ഭരണഘടന എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം നല്‍കുന്നുണ്ട്.

നിരവധി വര്‍ഷങ്ങളായി കശ്മീരികളുടെ ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. 2019 ആഗസ്തില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ഇത് വര്‍ധിച്ചുവരികയാണ്. കശ്മീരികളുടെ അവകാശങ്ങള്‍ക്കായി സംസാരിക്കുന്നത് 154, 504 പ്രകാരം കേസെടുക്കേണ്ട കുറ്റകൃത്യമല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറ്റേത് ഇന്ത്യന്‍ പൗരനുമുള്ളതുപോലെ ഓരോ കശ്മീര്‍ പൗരനും തുല്യ അവകാശമാണുള്ളത്. കാരണം കശ്മീരും കശ്മീരികളും നമ്മുടെ രാജ്യത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ രീതിയിലാണ് ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തെ സമീപിക്കുന്നത്. അതിനാല്‍ സാധ്യമായ എല്ലാ വഴികളിലൂടെയും അതിനെ എതിര്‍ക്കുകയാണെന്നും സാജിദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Next Story

RELATED STORIES

Share it