India

യുപിയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആശ്രമ വളപ്പില്‍

യുപിയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആശ്രമ വളപ്പില്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍നിന്ന് കാണാതായ 13 കാരിയുടെ മൃതദേഹം വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ഉടമസ്ഥതയിലുള്ള ആശ്രമത്തിന്റെ വളപ്പില്‍ കണ്ടെത്തി. ആശ്രമത്തിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിമൗര്‍ നാഗര്‍ കോട്വാലി പ്രദേശത്തുനിന്നുള്ള പെണ്‍കുട്ടിയെ വ്യാഴാഴ്ചയാണു കാണാതായതെന്ന് പോലിസ് പറഞ്ഞു. ഇതെത്തുടര്‍ന്നു ഏപ്രില്‍ ഏഴിന് കുടുംബാംഗങ്ങള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് മൂന്നുപേരുടെ പേരുകളും പരാതിയില്‍ നല്‍കിയിരുന്നു.

അന്വേഷണത്തിനു പ്രത്യേകസംഘത്തെയും നിയോഗിച്ചു. പിന്നീടാണ് ബഹ്‌റായിച്ച് റോഡിലുള്ള ആശ്രമത്തിനു പുറത്ത് കാറില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. കാറില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വാച്ച്മാന്‍ സുമന്‍ പാണ്ഡെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീടിന് എതിര്‍വശത്തായാണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആശ്രമത്തിലെ ഏതാനും പേരെ ചോദ്യംചെയ്തുവെന്ന് പോലിസ് അറിയിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ആശ്രമത്തിലെ എല്ലാ ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണ്. എല്ലാ കോണുകളും അന്വേഷിക്കുകയാണ്- ഗോണ്ട എഎസ്പി ശിവ് രാജ് പ്രജാപതി പറഞ്ഞു. പോലിസ് ആശ്രമം സീല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഗോണ്ട പോലിസ് സൂപ്രണ്ട് സന്തോഷ് മിശ്ര പറഞ്ഞു. ഫോറന്‍സിക് സംഘവും അന്വേഷണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ അച്ഛനെ മൂന്നുവര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ജയിലില്‍ കഴിയുകയാണ് ആള്‍ദൈവം ആശാറാം ബാപ്പു.

Next Story

RELATED STORIES

Share it