India

ഹാഥ്‌റസ് കേസിലെ നീതിനിഷേധം; 236 വാല്‍മീകി സമുദായക്കാര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു

യോഗി സര്‍ക്കാര്‍ ഒരിക്കലും ഞങ്ങളെ സഹായിക്കില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അതിനാല്‍ ഞങ്ങള്‍ക്ക് മറ്റെന്താണ് മാര്‍ഗമെന്ന് മതപരിവര്‍ത്തനം നടത്തിയവരില്‍ ഒരാളായ പാവന്‍ വാല്‍മികി ചോദിച്ചു.

ഹാഥ്‌റസ് കേസിലെ നീതിനിഷേധം; 236 വാല്‍മീകി സമുദായക്കാര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു
X

ലഖ്‌നോ: ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഹാഥ്‌റസില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നീതിനിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് വാല്‍മീകി സമുദായത്തില്‍പ്പെട്ട 236 അംഗങ്ങള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ഉള്‍പ്പെടുന്ന സമുദായമാണ് വാല്‍മീകികള്‍. ഹാഥ്റസ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് വാല്‍മീകി സമുദായക്കാര്‍ തുടക്കം മുതല്‍ ശക്തമായ സമരത്തിലായിരുന്നു. സമുദായത്തില്‍പ്പെട്ട മാലിന്യസംസ്‌കരണ തൊഴിലാളികള്‍ ഒക്ടോബര്‍ 3 മുതല്‍ സമരം ഒക്ടോബര്‍ 10 വരെ എട്ടുദിവസം നീണ്ടുനല്‍ക്കുന്ന സമരം നടത്തി.

സമരത്തില്‍ ആഗ്രയിലെയും ഫിറോസാബാദിലെയും മുഴുവന്‍ തൊഴിലാളികളും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വാല്‍മീകി സമുദായത്തോടുള്ള യോഗി സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ഇവര്‍ ഈമാസം 14ന് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി പ്രഖ്യാപിച്ചത്. ഹാഥ്‌റസ് സംഭവത്തിനുശേഷം ഞങ്ങള്‍ യോഗി സര്‍ക്കാരിനെ വിശ്വസിക്കുന്നില്ല. ഹിന്ദുക്കള്‍ അവരിലൊരാളായി തങ്ങളെ കണക്കാക്കുന്നില്ല. മുസ്‌ലിംകളും ഞങ്ങളെ സ്വീകരിക്കുന്നില്ല. ഹാഥ്‌റസിനുശേഷം ഈ സര്‍ക്കാര്‍ ഞങ്ങളെ അംഗീകരിക്കുന്നേയില്ല.

യോഗി സര്‍ക്കാര്‍ ഒരിക്കലും ഞങ്ങളെ സഹായിക്കില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അതിനാല്‍ ഞങ്ങള്‍ക്ക് മറ്റെന്താണ് മാര്‍ഗമെന്ന് മതപരിവര്‍ത്തനം നടത്തിയവരില്‍ ഒരാളായ പാവന്‍ വാല്‍മികി ചോദിച്ചു. 'ഡല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായ നിര്‍ഭയയെ മികച്ച ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. മാധ്യമങ്ങളൊരിക്കലും അവളുടെ ജാതി പരാമര്‍ശിച്ചില്ല. ഹാഥ്‌റസില്‍ ഞങ്ങളുടെ സമുദായത്തിലെ ഒരുമകളോട് മോശമായി പെരുമാറി. മൃതദേഹം കൈകാര്യം ചെയ്യുമ്പോള്‍ പോലസിനും ഡോക്ടര്‍മാര്‍ക്കും ഒരു സഹതാപവും തോന്നിയില്ല.

എന്തുകൊണ്ടാണ് ഇരയുടെ കുടുംബത്തെ മാധ്യമങ്ങള്‍ ഉപദ്രവിക്കുന്നത് ? ഇത് ഞങ്ങളെ 'മറ്റുള്ളവര്‍' അതായത് താഴ്ന്ന വര്‍ഗക്കാരായി കാണുന്നു' - 65 കാരിയായ രാജ്ജോ വാല്‍മീകി പറയുന്നു. ഡോ.ബി ആര്‍ അംബേദ്കറിന്റെ ചെറുമകന്‍ രാജരത്‌ന അംബേദ്കറാണ് ഗാസിയാബാദിലെ കാര്‍ഹൈദ ഗ്രാമത്തിലെ 50 കുടുംബങ്ങളെ പുതിയ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സഹായിച്ചത്. പരിവര്‍ത്തനം ചെയ്ത കുടുംബങ്ങള്‍ ഗൗതം ബുദ്ധന്റെ 22 അനുഷ്ഠാനങ്ങള്‍ വായിച്ചു. ബുദ്ധമത സൊസൈറ്റി ഓഫ് ഇന്ത്യയില്‍നിന്ന് അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു.

ഗ്രാമത്തിലെ സവര്‍ണഭൂരിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഈ കുടുംബങ്ങള്‍ കടുത്ത വിവേചനം നേരിട്ടതായി ദി പ്രിന്റ് റിപോര്‍ട്ട് ചെയ്യുന്നു. കാര്‍ഹൈദ ഗ്രാമത്തില്‍ 9,000 ജനസംഖ്യയുണ്ട്. ഇതില്‍ 5,000 പേര്‍ ഉയര്‍ന്ന ജാതിക്കാരില്‍നിന്നുള്ളവരാണ്. ഇതില്‍ 2,000 പേര്‍ വാല്‍മീകി സമുദായത്തിലെ അംഗങ്ങളാണെന്നും അവര്‍ പറയുന്നു. ഈ ഗ്രാമത്തില്‍ ഇത്തരത്തിലൊരു മതപരമായ ഒത്തുചേരല്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍ വിജേന്ദ്ര സിങ് ചൗഹാന്‍ സാക്ഷ്യപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it